ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനോട് 41 റൺസിന് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര (2-1) നഷ്ടമായി. 37 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിൽ ഒരു ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ് ചരിത്രം കുറിച്ചപ്പോൾ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ, ഈ പരമ്പരയിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ മുതിർന്ന താരം രോഹിത് ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രംഗത്തെത്തി.
പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി വെറും 20.33 ശരാശരിയിൽ 61 റൺസ് മാത്രമാണ് രോഹിത് ശർമ്മയ്ക്ക് നേടാനായത്. നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ 338 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്കായി 11 റൺസ് മാത്രമെടുത്ത് രോഹിത് പുറത്തായി.
“രോഹിത് ശർമ്മ മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയൻ പരമ്പര മുതൽ ദക്ഷിണാഫ്രിക്കൻ പര്യടനം വരെ അദ്ദേഹം അത് തെളിയിച്ചതാണ്. ഈ പരമ്പരയിൽ അദ്ദേഹത്തിന് നല്ല തുടക്കം ലഭിച്ചെങ്കിലും അത് വലിയ സ്കോറുകളാക്കി മാറ്റാൻ കഴിഞ്ഞില്ല. എല്ലാതവണയും മികച്ച തുടക്കങ്ങൾ സെഞ്ച്വറികളാക്കി മാറ്റാൻ സാധിക്കണമെന്നില്ല, പക്ഷേ ഒരു ബാറ്റർ എന്ന നിലയിൽ നമ്മൾ എപ്പോഴും അതിനായി പരിശ്രമിക്കും.”
മത്സരത്തിലേക്ക് വന്നാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഡാരിൽ മിച്ചലിന്റെ (137) തുടർച്ചയായ രണ്ടാം സെഞ്ച്വറിയുടെയും ഗ്ലെൻ ഫിലിപ്സിന്റെ (106) വെടിക്കെട്ട് ഇന്നിംഗ്‌സിന്റെയും കരുത്തിൽ 337 റൺസ് നേടി. റ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി (124) ഒറ്റയാൾ പോരാട്ടം നടത്തി. വാലറ്റത്ത് ഹർഷിത് റാണ (52) തന്റെ കന്നി അർദ്ധ സെഞ്ച്വറിയുമായി കോഹ്‌ലിയ്ക്ക് മികച്ച പിന്തുണ നൽകി. നിതീഷ് കുമാർ റെഡ്ഢി (53) തിളങ്ങിയെങ്കിലും 296 റൺസിന് ഇന്ത്യ ഓൾഔട്ടായി.












Discussion about this post