ഇൻഡോറിൽ നടന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. രവീന്ദ്ര ജഡേജയ്ക്ക് മുൻപ് നിതീഷ് കുമാർ റെഡ്ഡിയെ പന്തേൽപ്പിക്കാനുള്ള ഗില്ലിന്റെ തീരുമാനം വലിയ പിഴവായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മിഡിൽ ഓവറുകളിൽ രവീന്ദ്ര ജഡേജയെ പന്തേൽപ്പിക്കാൻ വൈകിയത് ഗില്ലിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. യുവതാരം നിതീഷ് കുമാർ റെഡ്ഡിക്ക് തുടർച്ചയായി ഓവറുകൾ നൽകിയപ്പോൾ ജഡേജ 29-ാം ഓവറിൽ മാത്രമാണ് ബൗളിംഗിനെത്തിയത്. നിതീഷ് റെഡ്ഡിയുടെ പേസ് കിവീസ് ബാറ്റർമാർക്ക് നേരിടാൻ എളുപ്പമായിരുന്നുവെന്നും ജഡേജയെ നേരത്തെ കൊണ്ടുവന്നിരുന്നെങ്കിൽ പിച്ചിലെ ഫൂട്ട്‌ഹോളുകൾ പ്രയോജനപ്പെടുത്തി വിക്കറ്റുകൾ വീഴ്ത്താമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരമ്പരയിലുടനീളം ഇന്ത്യൻ സ്പിന്നർമാർ കാഴ്ചവെച്ച മോശം പ്രകടനമാണ് പരമ്പര തോൽവിക്ക് പ്രധാന കാരണമെന്ന് ‘ചീക്കി ചീക്ക’ എന്ന തന്റെ ചാനലിൽ ശ്രീകാന്ത് പറഞ്ഞു. ഈ പരമ്പരയിൽ ജഡേജയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. ചൈനാമാൻ ബൗളർ കുൽദീപ് യാദവാകട്ടെ, മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 3 വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. സ്പിന്നർമാർ പരാജയപ്പെട്ടതോടെ 15 ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ന്യൂസിലൻഡിന് മികച്ച രീതിയിൽ ഇന്നിംഗ്‌സ് പടുത്തുയർത്താൻ സാധിച്ചു.
ഹർഷിത് റാണയുടെ ബൗളിംഗിനെക്കുറിച്ചും ശ്രീകാന്ത് തന്റെ ആശങ്ക പങ്കുവെച്ചു. പുതിയ പന്തിൽ മികച്ച രീതിയിൽ വിക്കറ്റുകൾ വീഴ്ത്താൻ റാണയ്ക്ക് കഴിയുന്നുണ്ടെങ്കിലും രണ്ടാം സ്പെല്ലിൽ താരം അമിതമായി റൺസ് വഴങ്ങുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. അവസാന മത്സരത്തിൽ 84 റൺസാണ് റാണ വിട്ടുകൊടുത്തത്. എങ്കിലും റാണയുടെ ബാറ്റിംഗിലെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ ന്യൂസിലൻഡിനോടും ഏകദിന പരമ്പര കൈവിട്ടത് വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വലിയൊരു മുന്നറിയിപ്പാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു












Discussion about this post