ന്യൂസിലൻഡിനെതിരെ നടന്ന ഏകദിന പരമ്പരയിൽ രവീന്ദ്ര ജഡേജയുടെ മങ്ങിയ പ്രകടനം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഒരു വിക്കറ്റ് പോലും നേടാൻ ജഡേജയ്ക്ക് സാധിച്ചില്ല. ഇൻഡോറിൽ നടന്ന നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ 6 ഓവർ പന്തെറിഞ്ഞ അദ്ദേഹം വിക്കറ്റില്ലാതെ 41 റൺസ് വിട്ടുകൊടുത്തു.
മത്സരത്തിന്റെ 29 ആം ഓവറിലാണ് ജഡേജ ഇന്നലെ പന്തെറിയാനെത്തിയത്. താരത്തെ കിവീസ് ബാറ്റർമാർ അനായാസം അടിച്ചുകർക്കുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്. ഒരു സമ്മർദ്ദവും അവർക്കുമേൽ ചെലുത്താൻ അയാൾക്കായില്ല. ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇപ്പോൾ ന്യൂസിലൻഡ് എന്നിവരോടുള്ള തുടർച്ചയായ പരമ്പര തോൽവികൾ ജഡേജയെപ്പോലുള്ള മുതിർന്ന താരങ്ങളുടെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നു
ബാറ്റിംഗിലേക്ക് വന്നാൽ സ്വന്തം മണ്ണിൽ ഏകദിനത്തിൽ അദ്ദേഹം അവസാനമായി ഒരു അർദ്ധ സെഞ്ച്വറി നേടിയത് 2013 ലാണെന്ന് ഓർക്കണം. ഒരു ബാറ്റിംഗ് ഓൾ റൗണ്ടർ എന്ന നിലയിൽ ഈ കണക്കുകൾ നമ്മളെ ശരിക്കും ഞെട്ടിക്കും. അക്‌സർ പട്ടേലിനെ പോലെ മിടുക്കനായ ഓൾ റൗണ്ടർ അവസരം കാത്തിരിക്കുമ്പോൾ എന്തിനാണ് ജഡേജ ടീമിൽ എന്ന ചോദ്യത്തിന് പ്രസക്തി കൂടുന്നു.
രവീന്ദ്ര ജഡേജയുടെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തണമെന്ന ചർച്ചകൾക്ക് സ്പോർട്സ് നിരീക്ഷകർക്കിടയിൽ വലിയ പ്രസക്തിയുണ്ട്. മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് ഉൾപ്പെടെയുള്ളവർ അക്ഷർ പട്ടേലിനെ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
സിക്സറുകൾ അടിക്കാനുള്ള കഴിവും മികച്ച സ്ട്രൈക്ക് റേറ്റും അക്ഷറിന് മുൻതൂക്കം നൽകുന്നു. 2024 ടി20 ലോകകപ്പിലും 2025 ചാമ്പ്യൻസ് ട്രോഫി വിജയത്തിലും അക്ഷർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പവർപ്ലേ ഓവറുകളിൽ പോലും പന്തെറിയാൻ അക്ഷറിന് സാധിക്കുമെന്നത് ടീമിന് വലിയ മുതൽക്കൂട്ടാണ്.
ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ജഡേജയ്ക്ക് ഏകദിന ടീമിലെ സ്ഥാനം നഷ്ടപ്പെട്ടേക്കാം.













Discussion about this post