ഇൻഡോറിൽ സമാപിച്ച ആവേശകരമായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തിന്റെ മനസ്സ് കീഴടക്കി വിരാട് കോഹ്‌ലിയുടെ മാതൃകാപരമായ പ്രവൃത്തി. ഇന്ത്യയ്ക്കെതിരെ പരമ്പര മുഴുവൻ ബാറ്റ് കൊണ്ട് വിസ്മയം തീർത്ത ന്യൂസിലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചലിന് കോഹ്‌ലി തന്റെ ഒപ്പിട്ട ജേഴ്സി സമ്മാനമായി നൽകി. ശത്രുത മൈതാനത്ത് മാത്രമാണെന്നും പരസ്പര ബഹുമാനം അതിന് മുകളിലാണെന്നും തെളിയിക്കുന്നതായിരുന്നു ഈ നിമിഷം.
പരമ്പരയിലുടനീളം ഇന്ത്യൻ ബൗളർമാരെ വെള്ളം കുടിപ്പിച്ച പ്രകടനമാണ് ഡാരിൽ മിച്ചൽ കാഴ്ചവെച്ചത്. മൂന്നാം ഏകദിനത്തിൽ 137 റൺസ് നേടിയ മിച്ചൽ, പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മത്സരശേഷം കോഹ്‌ലി നേരിട്ടെത്തി തന്റെ ജേഴ്സി മിച്ചലിന് കൈമാറുകയായിരുന്നു.
3 മത്സരങ്ങളിൽ നിന്ന് 352 റൺസ് ആണ് മിച്ചൽ ഈ പരമ്പരയിൽ അടിച്ചുകൂട്ടിയത്. ഇതിൽ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു. ശരാശരി 176 ആണ്. മറുഭാഗത്ത് വിരാട് കോഹ്‌ലിയും മോശമാക്കിയില്ല. 240 റൺസുമായി പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി കോഹ്‌ലി മാറി. മൂന്നാം ഏകദിനത്തിൽ 124 റൺസ് നേടി അദ്ദേഹം ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചിരുന്നു. ഇരുടീമുകളും ഏറ്റുമുട്ടുന്ന ജനുവരി 21-ന് നാഗ്പൂരിൽ തുടങ്ങുന്ന ടി20 പരമ്പരയിൽ കോഹ്‌ലി ഉണ്ടാകില്ല. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കോഹ്‌ലി കളിക്കുന്നത്.
താരത്തെ ഇനി ഇന്ത്യൻ ജേഴ്സിയിൽ കാണാൻ ഇന്ത്യൻ ആരാധകർ ഇംഗ്ലണ്ടിനെതിരെ ജൂലൈയിൽ നടക്കുന്ന ഏകദിന പരമ്പര വരെ കാത്തിരിക്കേണ്ടി വരും.












Discussion about this post