ഇൻഡോറിൽ ന്യൂസിലൻഡിനോട് പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ മോശം ഫീൽഡിംഗിനെ രൂക്ഷമായി വിമർശിച്ച് നായകൻ ശുഭ്മാൻ ഗിൽ. ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല, ഫീൽഡിംഗിലും ഇന്ത്യ നിശ്ചിത നിലവാരത്തിന് താഴെയായിരുന്നുവെന്നും 2027 ലോകകപ്പ് ലക്ഷ്യമിടുമ്പോൾ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നും ഗിൽ തുറന്നുപറഞ്ഞു.
37 വർഷത്തെ ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര സ്വന്തമാക്കിയപ്പോൾ (2-1), ഇന്ത്യൻ ടീമിന് ഫീൽഡിംഗിൽ സംഭവിച്ച ഗുരുതരമായ പിഴവുകളാണ് പ്രധാന തിരിച്ചടിയായത് എന്ന് ഗിൽ പറഞ്ഞു. നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഡാരിൽ മിച്ചലിനും ഗ്ലെൻ ഫിലിപ്സിനും ലഭിച്ച ജീവൻദാനങ്ങൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റി.
“ഈ പരമ്പരയിൽ ഞങ്ങളുടെ ഫീൽഡിംഗ് ഒട്ടും തൃപ്തികരമായിരുന്നില്ല. കളി തിരിയുന്ന നിർണ്ണായക നിമിഷങ്ങളിൽ ഞങ്ങൾ ക്യാച്ചുകൾ കൈവിട്ടു. ബൗളർമാർ കഷ്ടപ്പെട്ട് അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ അവ മുതലാക്കാൻ കഴിഞ്ഞില്ല. ആരും മനഃപൂർവ്വം ക്യാച്ച് കളയുന്നതല്ലെന്ന് എനിക്കറിയാം, പക്ഷേ ഇത്തരം പിച്ചുകളിൽ ഫീൽഡിംഗിലെ പിഴവുകൾക്ക് വലിയ വില നൽകേണ്ടി വരും. 2027 ലോകകപ്പിലേക്ക് ടീമിനെ സജ്ജമാക്കുമ്പോൾ ഫീൽഡിംഗിൽ ഞങ്ങൾ വലിയ പുരോഗതി കൈവരിക്കേണ്ടതുണ്ട്.”
സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ മിച്ചലിന് ലഭിച്ച ജീവൻദാനങ്ങൾ അവർക്ക് 337 എന്ന വലിയ സ്കോർ സമ്മാനിച്ചു. കുറച്ചധികം നാളുകളായി വരുത്തുന്ന ഫീൽഡിലെ പ്രശ്നങ്ങൾ ഇന്ത്യക്ക് വലിയ മത്സരങ്ങളിൽ ദോഷം ചെയ്യുന്നു.












Discussion about this post