മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് മോഹൻലാൽ നായകനായി 1988-ൽ പുറത്തിറങ്ങിയ ‘മൂന്നാം മുറ’. കെ. മധു സംവിധാനം ചെയ്ത് എസ്.എൻ. സ്വാമി തിരക്കഥയെഴുതിയ ഈ ചിത്രം അക്കാലത്തെ ബോക്സ് ഓഫീസിൽ വലിയ വിപ്ലവം സൃഷ്ടിച്ച ഒന്നായിരുന്നു.
കഥ തുടങ്ങുന്നത് ഒരു വിനോദയാത്രയ്ക്ക് പോയ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒരു ബസ് ഹൈജാക്ക് ചെയ്യപ്പെടുന്നതിലൂടെയാണ്. ചാൾസ് (ലാലു അലക്സ്) എന്ന ക്രൂരനായ തീവ്രവാദി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആക്രമണത്തിന് പിന്നിൽ. തടവിലാക്കപ്പെട്ട തങ്ങളുടെ സഹപ്രവർത്തകരെ വിട്ടയക്കണമെന്നത് കൂടാതെ രക്ഷപെടാൻ ആവശ്യമായ തുകയും ആണ് അവരുടെ ആവശ്യം.
നന്നായി ഹോംവർക്ക് നടത്തിയുള്ള ഈ ഹൈജാക്ക് തകർക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ വിഫലമായതോടെ ഡി.ഐ.ജി മേനോൻ (സുകുമാരൻ) ഒരു സാഹസികമായ തീരുമാനമെടുക്കുന്നു. മുൻ പോലീസ് ഓഫീസറായ അലി ഇമ്രാനെ ഈ ദൗത്യം ഏൽപ്പിക്കുക. പലർക്കും എതിർപ്പുണ്ടായിട്ടും അദ്ദേഹത്തെ ഈ ദൗത്യം ഏൽപ്പിക്കാൻ മേനോൻ തീരുമാനിക്കുന്നു. തന്നെ ഒരിക്കൽ അപമാനിച്ചു വിട്ട സ്ഥലത്ത് വീണ്ടും വന്ന ജോലി ചെയ്യാൻ ഇമ്രാൻ തയാറാകുന്നില്ല. എങ്കിലും അയാളുടെ നിർബന്ധത്തിനൊടുവിൽ അലി ഇമ്രാൻ ആ ദൗത്യം ഏറ്റെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.
സിനിമ കണ്ട നിങ്ങളിൽ പലരും പല രീതിയിലാണ് ക്ലൈമാക്സ് കണ്ടിട്ടുണ്ടാകുക. കാരണം ചില യൂട്യൂബ് വിഡിയോയിൽ മോഹൻലാലിനെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിക്കുന്നത് കാണാമെങ്കിൽ ചിലതിൽ ദൗത്യം പൂർത്തിയാക്കിയ ശേഷം അദ്ദേഹം നടന്നു നീങ്ങുതായിട്ടാണ്.
എന്നാൽ ഥാർത്ഥത്തിൽ എഴുതിയ ക്ലൈമാക്സ് മറ്റൊന്നായിരുന്നു എന്ന് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്. ബന്ദികളെ രക്ഷിച്ച ശേഷം അതിന്റെ മുഴുവൻ ക്രെഡിറ്റും പോലീസ് ഡിപ്പാർട്ട്‌മെന്റ് ഏറ്റെടുക്കുകയും ഇമ്രാന്റെ പേര് എവിടെയും ഇല്ലാതിരിക്കുകയും ചെയ്യുന്ന രീതിയിലാണ് ആദ്യം എഴുതിയത്. അതിൽ പോലീസ് ഉദ്യോസസ്ഥരെ കളിയാക്കാനായി , രണ്ട് കാര്യങ്ങൾ ഒരിക്കലും നേരെയാകില്ല ഒന്ന് പട്ടീടെ വാളും പിന്നെ പൊലീസും എന്ന് പറഞ്ഞിട്ട് നടന്നുനീങ്ങുന്നതായിട്ടാണ്. എന്നാൽ പോലീസിനെ ഇത്രയധികം മോശമാക്കണ്ട എന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചതുകൊണ്ടാണ് ഇന്ന് നാം കാണുന്ന ക്ലൈമാക്സ് റീ-ഷൂട്ട് ചെയ്തത്.













Discussion about this post