കൊച്ചി: കേരളത്തിലെ ഡിവൈഎഫ്‌ഐക്കാർ ആകെ നടത്തുന്നത് കമ്പംവലിയും തീറ്റ മത്സരവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ നടത്തുന്ന വാർത്താസമ്മേളനത്തിനിടെ ഡിവൈഎഫ്‌ഐയെക്കുറിച്ചുളള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുറെ സ്ഥലങ്ങളിൽ തീറ്റ മത്സരം നടത്തുന്നു പൊതിച്ചോറ് കൊടുക്കുന്നു. ഇതല്ലാതെ എന്താണ് കേരളത്തിൽ ഡിവൈഎഫ്‌ഐ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്രയും നിലവാര തകർച്ചയിലേക്ക് നമ്മുടെ യുവസമൂഹത്തെ കൊണ്ടുപോണോ എന്നാണ് ഞങ്ങൾ ചോദിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിക്ക് ബദലായി എല്ലാ ജില്ലകളിലും ഡിവൈഎഫ്‌ഐ യംഗ് ഇന്ത്യ ആസ്‌ക് ദ പിഎം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി വാർത്താസമ്മേളനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ ചോദിക്കുന്നതാണ് പരിപാടി. ബിജെപിയുടെ യുവം 2023 ന് ലഭിക്കുന്ന പിന്തുണയിൽ വിറളി പൂണ്ടായിരുന്നു ഡിവൈഎഫ്‌ഐ പരിപാടി ആസൂത്രണം ചെയ്തത്.
യുവം 2023 കേരളത്തിന്റെ രാഷ്്ട്രീയ ചരിത്രത്തിൽ വലിയ മാറ്റം കുറിക്കുമെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പാർട്ടി സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുവരുന്നതിനെക്കാൾ കൂടുതലായി നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വമേധയാ മുൻപോട്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ യുവജനത നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ അവിടെ ചർച്ചയാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.












