ലണ്ടൻ : യുകെയ്ക്ക് നേരെ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് എംപി. ബ്രിട്ടീഷ് തീരത്തേക്ക് മോസ്കോയിൽ നിന്ന് ചാരക്കപ്പലുകൾ അയയ്ക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബ്രിട്ടനെയും യൂറോപ്യൻ സഖ്യകക്ഷികളെയും ആക്രമിക്കാനുള്ള വഴികൾ റഷ്യ തേടുകയാണെന്ന് കൺസർവേറ്റീവ് പാർലമെന്റ് അംഗം ബോബ് സീലി പറഞ്ഞു.
പുടിൻ പടിഞ്ഞാറൻ രാജ്യങ്ങളെ ആക്രമിക്കാൻ ആലോചന നടത്തുന്നുണ്ടെന്ന് ഭയക്കുന്നുവെന്ന് ഐൽ ഓഫ് വൈറ്റിന്റെ എംപി സീലി പറഞ്ഞു. റഷ്യൻ സൈനിക തന്ത്രത്തിൽ പിഎച്ച്‌ഡി നേടിയ മുൻ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനാണ് സീലി.
നാറ്റോ അംഗങ്ങൾക്കെതിരെ റഷ്യ വൻതോതിൽ നാവിക നിരീക്ഷണം നടത്തുന്നുണ്ടെന്ന പുതിയ റിപ്പോർട്ടുകളാണ് ആശങ്കകൾക്ക് കാരണമായത്. ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫിൻലാൻഡ് എന്നിവിടങ്ങളിലെ പബ്ലിക് ബ്രോഡ്കാസ്റ്റർമാർ നടത്തിയ അന്വേഷണത്തിൽ, മത്സ്യബന്ധനത്തിന് അല്ലെങ്കിൽ ഗവേഷണത്തിന് എന്ന പേരിൽ ഒരു കൂട്ടം റഷ്യൻ ബോട്ടുകൾ വടക്കൻ കടലിൽ നിന്ന് ചാരവൃത്തി നടത്തുന്നുണ്ടെന്ന് കണ്ടെത്തി. കാറ്റാടിപ്പാടങ്ങളും കടലിനടിയിലെ കേബിളുകളും നശിപ്പിക്കാനുള്ള വഴികളും ഇവർ തേടുന്നതായാണ് വിവരം.
ഇത് യുകെയിലെ ഊർജ്ജ വിതരണത്തിനും ഭീഷണിയായിരിക്കുകയാണ്. റഷ്യയും ചൈനയും യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും യുകെ അത്തരമൊരു സാഹചര്യത്തിന് തയ്യാറല്ലെന്നും സീലി കൂട്ടിച്ചേർത്തു. യുദ്ധമുണ്ടാകുമെന്ന് ഉറപ്പിക്കുകയല്ല. മറിച്ച് നിലവിലെ ക്രമസമാധാനത്തിന് ഇത് എത്രമാത്രം ഭീഷണിയാകുമെന്ന് നാം തിരിച്ചറിയണം.
കഴിഞ്ഞ 20 വർഷമായി പാശ്ചാത്യ രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താൻ പുടിൻ വഴികൾ തേടുകയാണ്. ഇന്ധന ഡിപ്പോകളോ അണ്ടർവാട്ടർ കേബിളുകളോ പോലുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ അനധികൃതമായി അട്ടിമറിക്കുന്നത് ഇവരുടെ രീതിയെന്ന് എംപി പറഞ്ഞു. യുകെയുടെ ഊർജത്തിന്റെ ഭൂരിഭാഗവും ബ്രിട്ടനും യൂറോപ്പിനുമിടയിൽ കടലിനടിയിലൂടെയുള്ള കേബിളുകൾ വഴിയാണ് വിതരണം ചെയ്യുന്നത് എന്നത് പ്രധാന ആശങ്കകളിലൊന്നാണ്. അതിനാൽ കടലിനടിയിലെ കേബിളുകൾ ഉടൻ സുരക്ഷിതമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Discussion about this post