ന്യൂഡൽഹി: ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും. പിന്നാക്ക വിഭാഗത്തെ അപമാനിച്ച കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നീക്കം. സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് മാറുക. വീട്ടിൽ നിന്നുള്ള സാധനങ്ങൾ എല്ലാം ഇന്നലെ തന്നെ മാറ്റിയിരുന്നു. വീട് മാറുന്ന സമയം കെ.സി.വേണുഗോപാൽ അടക്കമുള്ള നേതാക്കള്‍ രാഹുലിനെ അനുഗമിക്കും.
പിന്നാക്ക വിഭാഗത്തെ അധിക്ഷേപിച്ച കേസിൽ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരുന്നു. 2004ൽ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിൽ എത്തിയപ്പോഴാണ് രാഹുലിന് ഔദ്യോഗിക വസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്.
രാഹുലിന് വീട് ഒഴിയാൻ ലോക്‌സഭാ ഹൗസിംഗ് പാനൽ ഞായറാഴ്ച വരെ സമയപരിധി നൽകിയിരുന്നു. സമയപരിധി നാളെ അവസാനിക്കാനിരിക്കെ വിധി വീണ്ടും തിരിച്ചടിയായതോടെയാണ് ഇന്ന് തന്നെ വസതി ഒഴിയുന്നത്.2019ൽ കർണാടകയിലെ കോലാറിൽ തിരഞ്ഞെടുപ്പു റാലിയിൽ നടത്തിയ പരാമർശമാണ് രാഹുലിനെതിരായ കേസിലേക്കും അയോഗ്യതയിലേക്കും നയിച്ചത്. മജിസ്‌ട്രേറ്റ് കോടതിയിലും തിരിച്ചടി നേരിട്ടതോടെ ഹൈക്കോടതിയെ അധികം വൈകാതെ രാഹുൽ സമീപിക്കുമെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് മനു സിംഗ്വി, പി. ചിദംബരം, വിവേക് തൻഖ തുടങ്ങിയവർ അടങ്ങിയ ഒരു സമിതി രാഹുലിന്റെ കേസ് നടത്തിപ്പിന് വേണ്ടി രൂപവത്കരിച്ചിട്ടുണ്ട്. അഭിഷേക് മനു സിംഗ്വിയോ ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന.
Discussion about this post