വാഷിംഗ്ടൺ: നിർണായകമായ ഈ ഘട്ടത്തിൽ ലോകബാങ്കിനെ നയിക്കാൻ ഇന്ത്യൻ വംശജനായ അജയ് ബംഗ എന്തുകൊണ്ടും അനുയോജ്യനാണെന്ന് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി സ്പോക്സ്പേഴ്സൺ വേദാന്ത് പട്ടേൽ പറഞ്ഞു. ലോക ബാങ്ക് അദ്ധ്യക്ഷ പദവിയിലേക്ക് മികച്ച സ്ഥാനാർത്ഥിയാണ് ബംഗയെന്നും പട്ടേൽ പറഞ്ഞു.
ലോക ബാങ്ക് അദ്ധ്യക്ഷ പദവിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒരേയൊരു സ്ഥാനാർത്ഥിയാണ് ഇന്ത്യൻ വംശജനായ അജയ് ബംഗയെന്ന് അമേരിക്ക അടുത്തയിടെ സ്ഥിരീകരിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച് 29 വരെ മറ്റാരും പത്രിക നൽകാത്തതിനാൽ, അമേരിക്കൻ നോമിനിയായ ബംഗ തന്നെയായിരിക്കും ലോക ബാങ്ക് പ്രസിഡന്റ് എന്നത് ഏറെക്കുറേ ഉറപ്പാണ്.
ചരിത്രത്തിലെ സുപ്രധാനമായ ഈ സന്ദർഭത്തിൽ, ലോകബാങ്കിനെ നയിക്കാൻ എന്തുകൊണ്ടും പ്രാപ്തനാണെന്ന് മാസ്റ്റർ കാർഡ് മുൻ സി ഇ ഒ ആയ അജയ് ബംഗയെന്ന് ഫെബ്രുവരിയിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്യവെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
Discussion about this post