മുംബൈ; കേന്ദ്രമന്ത്രിയുടെ മരുമകൾ ചമഞ്ഞ് കാർഡിയോളജിസ്റ്റിൽ നിന്ന് യുവതി തട്ടിയെടുത്തത് 23 ലക്ഷം രൂപ. മഹാരാഷ്ട്ര താനെയിലാണ് സംഭവം. ഐക്യരാഷ്ട്രസഭാ ഉച്ചകോടിയിൽ പ്രസംഗിക്കാൻ അവസരം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
2022 മുതൽ ഫേസ്ബുക്ക് വഴി സുഹൃത്തായ യുവതിയാണ് തട്ടിപ്പ് നടത്തിയത്. താനെയിലെ പ്രമുഖ കാർഡിയോളജിസ്റ്റായ 41 കാരനോട് താൻ ഒരു കേന്ദ്രമന്ത്രിയുടെ മരുമകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നയാളാണെന്നും പറഞ്ഞാണ് യുവതി ബന്ധം സ്ഥാപിച്ചത്.
ഡോക്ടറുടെ സഹോദരന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലി നൽകാമെന്നും യുവതി വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ബിസിനസ് യോഗത്തിലും യുഎൻ ഉച്ചകോടിയിലും സംസാരിക്കാനുള്ള അവസരം വാഗ്ദാനം നൽകിയാണ് യുവതി ഡോക്ടറിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയത്. യുഎൻ പരിപാടിയിൽ ”ആരോഗ്യകരമായ മാനസികാവസ്ഥ” എന്ന വിഷയത്തിൽ സംസാരിക്കാൻ അവസരം നൽകാമെന്നാണ് യുവതി വാഗ്ദാനം ചെയ്തത്.
കാർഡിയോളജി മേഖലയിലെ മികവിന് ഡോക്ടർക്ക് അവാർഡ് നൽകുമെന്നും ഒരു പ്രമുഖ ബിസിനസ് മാഗസിനിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കുമെന്നും യുവതി പറഞ്ഞിരുന്നു.എന്നാൽ അടുത്തിടെയായി ഫോൺ വിളിച്ചിട്ട് യുവതി എടുക്കാതായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് ഡോക്ടർക്ക് മനസിലായത്
Discussion about this post