കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ തലശ്ശേരി സ്വദേശി കല്ലിങ്കല്‍ അഷ്റഫിനെ അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അഷ്റഫിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി സി.ബി.ഐ.യ്ക്ക് കൈമാറുകയായിരുന്നു. അഷ്റഫിനെ സി.ബി.ഐ. കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തുവരികയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ ഫയാസിന്റെ അടുത്ത കൂട്ടാളിയാണ് അഷ്റഫ്. ഇവരുടെ നേതൃത്വത്തില്‍ നിരവധി തവണ വിദേശത്തു നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വ്യവസായിയായ അഷ്റഫാണ് സ്വര്‍ണക്കടത്തിനുവേണ്ടി പണം മുടക്കിയതെന്നാണ് കരുതുന്നത്. 2013 മുതല്‍ വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കസ്റ്റംസും സിബിഐയും ചേര്‍ന്നു കേരളത്തില്‍ എത്തിക്കുകയായിരുന്നു.
അഷ്റഫിനെ കണ്ടുകിട്ടാന്‍ സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിനിടെ അന്വേഷണസംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അഷ്റഫ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.
Discussion about this post