പാരിസ്: ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാന്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്ദ്. യു.എന്‍ രക്ഷാസമിതിയുടെ യോഗം ഉടന്‍ വിളിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെടുമെന്നും പാര്‍ലമെന്റിലെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സ് ഇപ്പോള്‍ ഒരു യുദ്ധത്തിലാണ്. രാജ്യം എല്ലാ പ്രതിസന്ധികളേയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണഘടന ഭേദഗതിക്കായി പാര്‍ലമെന്റിന്റെ നടപടികള്‍ വേഗത്തിലാക്കണം. വാറന്റില്ലാതെ പൊലീസ് റെയ്ഡുകള്‍ നടത്താനും സംശയമുള്ളവരെ വീട്ടുതടങ്കലില്‍ വെക്കാനും കഴിയണം. പൗരന്റെ അവകാശത്തേക്കാള്‍ രാജ്യസുരക്ഷക്ക് പ്രാധാന്യം നല്കുന്ന നിയമമായിരിക്കണം രാജ്യത്തുണ്ടാകേണ്ടത്.
മറ്റു രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഉള്ള ഫ്രഞ്ച് പൗരന്മാര്ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുമെന്നും രാജ്യത്ത് നിലവിലുള്ള അടിയന്തരാവസ്ഥ മൂന്നുമാസത്തേക്ക് കൂടി തുടരുമെന്നും അദ്ദേഹം അറിയച്ചു.
അതേ സമയം പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയില്‍ ഐ.എസ് ഭീകരര്‍ക്കെതിരായ ആക്രമണതന്ത്രത്തില് മാറ്റമില്ലെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. വ്യോമാക്രമണം അടിസ്ഥാനമാക്കിയുള്ള ആക്രമണം ശക്തിപ്പെടുത്തുമെന്നും കരയുദ്ധത്തിന് തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.എസിനെതിരായ നീക്കം പൂര്‍ണ്ണഫലം കാണാന്‍ സമയമെടുക്കുമെന്നും ജി-20 ഉച്ചക്കോടിയ്ക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒബാമ പറഞ്ഞു.
Discussion about this post