ന്യൂഡൽഹി: പൊതുവേദിയിൽ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ചുട്ടമറുപടി നൽകി ഇന്ത്യ. കൗൺസിലിന്റെ സമയം പാകിസ്താൻ അപ്രസക്തമായ കാര്യങ്ങൾ ഉന്നയിച്ച് വെറുതെ കളയുകയാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാമ്പോജ് പറഞ്ഞു. ന്യൂയോർക്കിൽ ചേർന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ യോഗത്തിലായിരുന്നു പാകിസ്താൻ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ചത്.
കേന്ദ്രഭരണത്തിൽ കശ്മീരിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണെന്നായിരുന്നു പാകിസ്താൻ സ്ഥിരം പ്രതിനിധിയുടെ പരാമർശം. ഇത് കേട്ടയുടനെ ചുട്ടമറുപടി ഇന്ത്യ നൽകി. പാകിസ്താന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് രുചിര പറഞ്ഞു. അപ്രസക്തമായ കാര്യങ്ങൾ ഉന്നയിച്ച് കൗൺസിലിന്റെ സമയം വെറുതെ കളയുന്നു. ഇതിനെല്ലാം മറുപടി നൽകി സമയം പാഴാക്കാൻ താൻ ആഗ്രഹിക്കുന്നില്ല.
കഴിഞ്ഞ കുറേ കാലമായി യോഗത്തിൽ ഇത്തരത്തിൽ അപ്രസക്തമായ കാര്യങ്ങൾ ഉയർന്നുവരുന്നു. ഇതെല്ലാം പൂർണമായി തള്ളിക്കളയേണ്ടത് ആണ്. അതുകൊണ്ട് തന്നെയാണ് ഇതിനെല്ലാം മറുപടി നൽകി സമയം കളയാനില്ലെന്ന് താൻ പറയുന്നത്. ഈ അവസരത്തിൽ തങ്ങൾ മുൻകാലങ്ങളിൽ നൽകിയ മറുപടി കൗൺസിൽ അംഗങ്ങൾ പാകിസ്താനെ ഒന്ന് ഓർമ്മിച്ചാൽ നന്നായിരുവെന്നും രുചിര വ്യക്തമാക്കി.
2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ അമിതാധികാരം കേന്ദ്രം എടുത്തു കളഞ്ഞതു മുതൽ ഇതൊരു അന്താരാഷ്ട്ര വിഷയമായി ഉയർത്തിക്കൊണ്ടുവരാനാണ് പാകിസ്താന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര വേദികളിൽ പാകിസ്താൻ നിരന്തരം ഈ വിഷയം ഉന്നയിക്കുന്നത്. എന്നാൽ പാകിസ്താൻ കശ്മീർ വിഷയം ഉന്നയിക്കുമ്പോഴെല്ലാം തക്ക മറുപടി ഇന്ത്യയും നൽകാറുണ്ട്.
Discussion about this post