
മെലിഞ്ഞിരിക്കുക എന്നത് എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. മെലിഞ്ഞ ശരീരമാണ് സൗന്ദര്യത്തിന്റെ ലക്ഷണമെന്നു വിശ്വസിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. അല്പമൊന്നു വണ്ണം കൂടിയാൽ തന്നെ പ്രവേശപ്പെട്ട് ഡയറ്റിങ് ആരംഭിക്കുന്നവർ നിരവധിയാണ്. എന്നാൽ മെലിയണം, മെലിഞ്ഞിരിക്കണം എന്ന ആഗ്രഹം ഒരു രോഗമായി മാറിയാലോ ? എത്ര മെലിഞ്ഞാലും തനിക്ക് അമിതവണ്ണം ഉണ്ടെന്നു വിശ്വസിക്കുകയും കൂടുതൽ ശ്രമകരമായ ഡയറ്റിങ്ങിലേക്ക് പോകുകയും ചെയ്യുന്ന അവസ്ഥയാണ് അനൊറെക്സിയ നെർവോസ.
അനൊറെക്സിയ നെർവോസ ബാധിച്ചു മരണത്തിനു കീഴടങ്ങിയ ഫ്രഞ്ച് മോഡൽ ഇസബെല്ലാ കാറോക്കിന്റെ ജീവിതം ഡയറ്റ് പ്രേമികൾക്കുള്ള പൊള്ളുന്ന ഓർമ്മപ്പെടുത്തലാണ്.
ഫാഷന്‍ ഭ്രമം മൂത്ത് ശരീരവടിവിനായി ഭക്ഷണം ഉപേക്ഷിച്ച് ഒടുവിൽ അനൊറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോഡർ രോഗത്തിന്റെ പിടിയിൽ അമർന്ന് ഈ മോഡൽ 2011 ൽ ലോകത്തോട് വിട പറഞ്ഞു.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഇസബെല്ലയെ അനൊറെക്സിയ നെർവോസ ബാധിച്ചത്. തുടർന്ന് കണ്ണാടിയിൽ നോക്കുമ്പോഴൊക്കെ തൻ തടിച്ചിരിക്കുന്നതായി ഇസബെല്ലക്ക് തോന്നി. തുടർന്ന് ഇസബെല്ല ഭക്ഷണം കുറക്കുകയും പിന്നീട് പൂർണമായും ഉപേക്ഷിക്കുകയും ചെയ്തു. എത്ര ക്ഷീണിച്ചിട്ടും അവർ ഭക്ഷണം കഴിച്ചില്ല. ഒടുവിൽ അഞ്ചടി നാലിഞ്ച് ഉയരമുണ്ടായിരുന്ന ഇസബെല്ലയുടെ ശരീരഭാരം വെറും 31കിലോഗ്രാം മാത്രമായി.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധനത്തിനു വഴങ്ങി ഡോക്ടറിനെ കണ്ടപ്പോഴാണ് അനൊറെക്സിയ നെർവോസ എന്ന രോഗമാണ് ഇസബെല്ലക്ക് എന്ന് മനസിലായത്. ഇത് ഒരുതരം മാനസിക പ്രശ്നമാണ്. എത്ര കുറച്ചു കഴിച്ചാലും വണ്ണം വയ്ക്കും എന്ന ഭയം അതാണ് ഇതിന്റെ ലക്ഷണം. കണ്ണാടിയിൽ നോക്കിയാൽ വണ്ണം ഉള്ള രൂപമേ കാണാൻ കഴിയൂ.
ഇസബെല്ല കാറോക്ക് 13 വയസുമുതല്‍ ഈ മാനസികരോഗത്തിനടിമയായിരുന്നു. ഭക്ഷണം കഴിക്കാതെ ഇരിക്കുക, കഴിച്ച ഭക്ഷണം ശർദ്ദിച്ചു കളയുക എന്നതൊക്കെയായിരുന്നു ഇസബെല്ലയുടെ രീതികൾ. എന്നാൽ മരണത്തിനും കുറച്ചു നാൾ മുൻപായി തന്റെ രോഗാവസ്ഥ ഇസബെല്ലാ മനസിലാക്കി. അതിനാൽ തന്നെ ഈ രോഗാവസ്ഥയെ പാട്ടി മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ തന്റെ ശിഷ്ടകാലവും ശരീരവും ഇസബെല്ല ഉപയോഗപ്പെടുത്തി. ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറായ ഒലിവീറിയോ ടോസ്‌കാണി 2007ല്‍ ഇസബെല്ലയെ മോഡലാക്കി അനൊറെക്‌സിയയ്‌ക്കെതിരേ പ്രചാരണം നടത്തിയിരുന്നു. നഗ്നയായാണ് ഈ പരസ്യത്തിൽ ഇസബെല്ല എത്തിയത്.
വിചാരിക്കുന്നത് പോലെ കേവലമൊരു മെലിയൽ രോഗം മാത്രമല്ല ഇത്. കടുത്ത മാനസികപ്രശ്‌നങ്ങള്‍ക്കും പോഷകാഹാരക്കുറവു മൂലമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും വിധേയരാകുന്ന അനോറോക്സിയ രോഗികൾ ചെറിയ കാലത്തിനുള്ളിൽ മരിക്കുന്നു. മരണത്തോടടുത്ത നാളുകളിൽ കടുത്ത വിഷാദം അവരെ ബാധിക്കും.












