തൃശ്ശൂര്‍ പൂരം ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. മേടമാസത്തിലെ പൂരം നാളില്‍ തൃശ്ശൂര്‍ നഗരത്തെ ജനസാഗരമാക്കി കൊണ്ട്, വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഈ പൂരങ്ങളുടെ പൂരം സമാനതകളില്ലാത്ത, വിശ്വപ്രസിദ്ധമായ ദൃശ്യവിസ്മയമാണ്. അതുകൊണ്ടുതന്നെ കത്തുന്ന വെയിലിലും പൂരം കാണാന്‍ വിദേശികള്‍ ഉള്‍പ്പടെ പതിനായിരക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും തൃശ്ശൂരിലേക്ക് എത്തുന്നു.
കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ, തൃശ്ശൂരിന്റെ നഗരഹൃദയത്ത് സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രത്തിലും ക്ഷേത്രത്തോട് ചേര്‍ന്നുകിടക്കുന്ന 65 ഏക്കര്‍ വിസ്തൃതിയിലുള്ള ക്ഷേത്ര മെതാനത്തുമാണ് തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയെഴുന്നള്ളിച്ച ആനകള്‍, മേളം, കുടമാറ്റം, വെടിക്കെട്ട് എന്നിവയെല്ലാമാണ് തൃശ്ശൂര്‍ പൂരത്തിന്റെ പെരുമ.
ശക്തന്‍ തമ്പുരാന്റെ വാശിയില്‍ പിറന്ന പൂരം
ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശക്തന്‍ തമ്പുരാന്റെ കാലത്താണ് തൃശ്ശൂര്‍ പൂരം ആരംഭിക്കുന്നത്. തൃശ്ശൂരില്‍ പലതരത്തിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും തേക്കിന്‍കാട് മൈതാനത്തെ കാടെന്ന പരിവേഷത്തില്‍ നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്ത ഭരണാധികാരിയായിരുന്നു ശക്തന്‍ തമ്പുരാന്‍. അക്കാലത്ത് പ്രസിദ്ധമായിരുന്ന ആറാട്ടുപുഴ പൂരത്തിന് പുറമേ തൃശ്ശൂരില്‍ മറ്റൊരു പൂരത്തിന് തുടക്കമിട്ടതും എല്ലാ ആണ്ടിലും ഉത്സവും നടത്തി പൂരങ്ങളുടെ പൂരമാക്കി തൃശ്ശൂര്‍ പൂരത്തെ മാറ്റിയതും തൃശ്ശൂരിന്റെ പേരും പെരുമയും എക്കാലവും നിലനിര്‍ത്തുകയെന്ന ശക്തന്‍ തമ്പുരാന്റെ ആഗ്രഹത്തിന് പുറത്തായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യം കൂടിയുണ്ട്.
തൃശ്ശൂര്‍ പൂരത്തിന് മുമ്പ് ആറാട്ടുപുഴ പൂരമായിരുന്നു കേരളത്തിലെ പ്രധാന പൂരം. പല ദേശങ്ങളില്‍ നിന്നുള്ള ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ ആറാട്ടുപുഴ പൂരത്തിന് എത്തുമായിരുന്നു. പക്ഷേ ശക്തമായ കാറ്റും മഴയും കാരണം തൃശ്ശൂരിലെ തിരുവമ്പാടി, പാറമേക്കാവ് ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് 1796ലെ പൂരത്തില്‍ പങ്കെടുക്കാനായില്ല. ഇതോടെ അവര്‍ക്ക് ആറാട്ടുപുഴ പൂരത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു. ഇതില്‍ കുപിതനായ ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊട്ടടുത്ത വര്‍ഷം മുതല്‍ മറ്റൊരു പൂരത്തിന് തുടക്കമിട്ടു. സ്വതവേ പിന്‍വലിഞ്ഞ പൂരക്കാരെ കൂട്ടുപിടിച്ച് തൃശ്ശൂരിലെ പൂരം ശക്തന്‍ തമ്പുരാന്‍ ആണ്ട് ഉത്സവമാക്കി മാറ്റി. തൃശ്ശൂര്‍ പൂരത്തിന്റെ പ്രസിദ്ധി ലോകം മുഴുവന്‍ പരക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേശക്കാരെ മത്സരത്തിലേക്ക് എത്തിച്ചത് പോലും ശക്തന്‍ തമ്പുരാന്റെ ബുദ്ധിയായാണ് പറയപ്പെടുന്നത്.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍
പ്രധാനമായും പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെയും ഭഗവതിമാര്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കുകൊള്ളുന്നതായാണ് വിശ്വാസം. ഇതില്‍ തിരുവമ്പാടി ക്ഷേത്രത്തിലെ ഭഗവതി പ്രതിഷ്ഠ ബാലഭദ്രകാളിയാണ്. ഇവരെ കൂടാതെ എട്ടോളം ചെറുപൂരങ്ങള്‍ കൂടി തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ക്ക് തന്നെയാണ് പൂരത്തില്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്. കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ചെമ്പൂക്കാവ് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി എന്നീ ക്ഷേത്രങ്ങളില്‍ നിന്നുള്ള ദേവതകളാണ് ചെറുപൂരത്തിന് എത്തുന്നത്.
പ്രധാന ചടങ്ങുകള്‍
പുറപ്പാട് എഴുന്നള്ളത്ത് ആണ് പൂരത്തിന് മുന്നോടിയായുള്ള ആദ്യചടങ്ങ്. രാവിലെ എട്ടുമണിയോടെ തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്‌മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന ചടങ്ങാണ് പുറപ്പാട് എഴുന്നള്ളത്ത്. രണ്ടര മണിക്കൂര്‍ കൊണ്ട് തിടമ്പ് മഠത്തില്‍ എത്തിക്കുന്നു. ശേഷം ഇറക്കി പൂജ കഴിഞ്ഞ് ഈ തിടമ്പ് ബ്രഹ്‌മസ്വം മഠത്തില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. മഠത്തില്‍ വരവ് എന്നാണ് ഈ ചടങ്ങിന്റെ പേര്. പത്തോളം ആനകളുമായാണ് മഠത്തില്‍ വരവ് ആരംഭിക്കുന്നത്. നായ്ക്കനാല്‍ എത്തുമ്പോള്‍ ഇത് 15 ആനയാകുന്നു. ഈ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് എത്തി അവിടെ നിന്നും വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.
പന്ത്രണ്ടുമണിയോടെ പാറമേക്കാവിന്റെ പൂരം ആരംഭിക്കും. പതിനഞ്ച് ആനകളുടെ അകമ്പടിയോടെയാണ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ് എഴുന്നള്ളത്ത് അവസാനിക്കുക. തുടര്‍ന്ന് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം നടക്കും. കൂത്തമ്പലത്തിന് മുമ്പിലുള്ള ഇലഞ്ഞിത്തറയില്‍ നടക്കുന്ന മേളമായതുകൊണ്ടാണ് ഇത് ഇലഞ്ഞിത്തറമേളമെന്ന് അറിയപ്പെടുന്നത്. നാലുമണിക്കൂറാണ് ഈ പാണ്ടിമേളത്തിന്റെ ദൈര്‍ഘ്യം.
ഇലഞ്ഞിത്തറ മേളത്തിന് ശേഷം നടക്കുന്ന ചടങ്ങാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരത്തിലൂടെ ക്ഷേത്ര മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. ഇവിടെ വെച്ചാണ് പാറമേക്കാവ്, തിരുവമ്പാടി സംഘങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇരുവിഭാഗങ്ങളും അഭിമുഖമായാണ് നില്‍ക്കുക. അതിനുശേഷം പ്രശസ്തമായ കുടമാറ്റം നടക്കും. പൂരത്തിലെ ഏറ്റവും ആകര്‍ഷവും ഏവരും കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും ചെയ്യുന്ന ചടങ്ങാണിത്. ഇരുവിഭാഗങ്ങളും ആകര്‍ഷകനായ കുടകള്‍ മാറി മാറി ഉയര്‍ത്തുന്ന ചടങ്ങാണിത്. ഒരു കുട ഉയര്‍ത്തിയാല്‍ ആലവട്ടവും വെണ്‍ചാമരവും മൂന്നുപ്രാവശ്യം ഉയര്‍ത്തും. തുടര്‍ന്നാണ് അടുത്ത കുട ഉയര്‍ത്തുക. തുടര്‍ന്ന് വെടിക്കെട്ടും പഞ്ചവാദ്യവും അരങ്ങേറും.
വെടിക്കെട്ട്
പൂരത്തിന്റെ മറ്റൊരു ആകര്‍ഷണമാണ് വെടിക്കെട്ട്. പുലര്‍ച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട് ആരംഭിക്കുക. തുടര്‍ന്ന് പകല്‍പ്പൂരം അരങ്ങേറും. തൃശ്ശൂര്‍ പൂരത്തിന്റെ പിറ്റേദിവസമാണ് പകല്‍പ്പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങാണിത്. ഇതോടെ പൂരം ചടങ്ങുകള്‍ സമാപിക്കും.
Discussion about this post