ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം നടത്തുന്ന അയൽരാജ്യവുമായി ഇടപഴകുന്നത് ഇന്ത്യയ്ക്ക് വളരെ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അടുത്ത മാസം ആദ്യം ഗോവയിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) സുപ്രധാന യോഗത്തിനായി പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഇന്ത്യ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ജയ്ശങ്കർ പാകിസ്താനെ കടന്നാക്രമിച്ചത്.
‘ഞങ്ങൾ രണ്ടുപേരും എസ്സിഒയിലെ അംഗങ്ങളാണ് . അതിനാൽ, ഞങ്ങൾ സാധാരണയായി മീറ്റിംഗുകളിൽ പങ്കെടുക്കുന്നു. ഞങ്ങളാണ് ഈ വർഷത്തെ (എസ്സിഒ) അദ്ധ്യക്ഷത വഹിക്കുന്നത്. അതുകൊണ്ട് ഇന്ത്യയിലാണ് യോഗം നടക്കുന്നത്. ഞങ്ങൾക്കെതിരെ അതിർത്തി കടന്നുള്ള ഭീകരവാദം പ്രയോഗിക്കുന്ന ഒരു അയൽക്കാരനുമായി ഇടപഴകുന്നത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ് എന്നതാണ് ഈ പ്രശ്‌നത്തിന്റെ ഏറ്റവും അടിസ്ഥാനമെന്ന് മന്ത്രി വിശദീകരിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുകയോ സ്പോൺസർ ചെയ്യുകയോ തുടരാതിരിക്കാനുള്ള പ്രതിബദ്ധത അവർ പാലിക്കണമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
റഷ്യ , ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്സിഒ സ്ഥാപിച്ചത് . കാലക്രമേണ, ഇത് ഏറ്റവും വലിയ ട്രാൻസ്-റീജിയണൽ അന്താരാഷ്ട്ര സംഘടനകളിലൊന്നായി മാറുകയായിരുന്നു. 2017-ൽ ഇന്ത്യയും പാകിസ്താനും എസ്സിഒയിൽ സ്ഥിരാംഗങ്ങളായി മാറുകയായിരുന്നു.
Discussion about this post