ബംഗലൂരു: വരുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് പോയ ജഗദീഷ് ഷെട്ടാർ ഒരു കാരണവശാലും ജയിക്കില്ലെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ. ഹൂബ്ലിയിൽ ഷെട്ടാർ തോൽക്കും. താൻ ഇത് എവിടെ വേണമെങ്കിലും എഴുതി തരാമെന്നും യെദ്യൂരപ്പ പറഞ്ഞു.
ജഗദീഷ് ഷെട്ടാർ ബിജെപിയെയും പാർട്ടി അംഗങ്ങളെയും പിന്നിൽ നിന്നും കുത്തി. സ്വാർത്ഥത മൂത്തപ്പോഴാണ് അദ്ദേഹം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഹൂബ്ലിയിൽ അദ്ദേഹത്തിന്റെ പരാജയം ഉറപ്പാക്കേണ്ടത് ഓരോ ബിജെപി അംഗത്തിന്റെയും ഉത്തരവാദിത്തമാണ്. യെദ്യൂരപ്പ പറഞ്ഞു.
എന്നാൽ യെദ്യൂരപ്പയുടെ വാക്കുകൾ താൻ അനുഗ്രഹമായാണ് കാണുന്നത് എന്നായിരുന്നു ഷെട്ടാറിന്റെ പ്രതികരണം. അമിത് ഷായും തനിക്ക് തോൽവിയാണ് ആശംസിച്ചത്. ഈ ആശംസകളെല്ലാം താൻ വിജയമാക്കി മാറ്റുമെന്നും ഷെട്ടാർ പറഞ്ഞു.
ജഗദീഷ് ഷെട്ടാർ ബിജെപി വിട്ടതുകൊണ്ട് പാർട്ടിക്ക് ഒരു നഷ്ടവും വരാനില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ. ഹൂബ്ലി എല്ലാ കാലവും ബിജെപിക്ക് ഒപ്പം നിന്നിട്ടുള്ള മണ്ഡലമാണ്. അവിടെ ഇത്തവണ ജഗദീഷ് ഷെട്ടാർ തോൽക്കും. അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ അസ്തിത്വം ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
Discussion about this post