തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിംഗ് തേടി എത്തിയ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരീഷിന് ഏഴ് വർഷം കഠിനതടവ് വിധിച്ച് കോടതി. ഒന്നരലക്ഷം രൂപ പിഴയും ഇയാൾ അടക്കണം. ഈ തുക കുട്ടിക്ക് കൈമാറണം. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകൾ അനുസരിച്ച് 26 വർഷം തടവുശിക്ഷ ലഭിച്ചെങ്കിലും 7 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, പോക്‌സോ കേസ് പ്രകാരം പ്രതിയെ ഒരു വർഷം മുമ്പ് ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. നിലവിൽ പ്രതി ഹൈക്കോടതിയിൽ ജാമ്യത്തിലാണ്. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ഇയാൾ. മണക്കാട് കുര്യാത്തിയിൽ വച്ച് വീടിനോട് ചേർന്നുള്ള സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നത്.
2015 ഡിസംബർ 6 മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കുട്ടിയെ കൗൺസിലിംഗിനായി എത്തിച്ചപ്പോഴായിരുന്നു പീഡനം. പീഡനത്തെ തുടർന്ന് കുട്ടിയുടെ അവസ്ഥ കൂടുതൽ ഗുരുതരമായി. തുടർന്ന് പ്രതി കുട്ടിയെ മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. പീഡനം പുറത്ത് പറയരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. ഭയന്നുപോയ കുട്ടി ഈ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. വീട്ടുകാർ മറ്റ് പല മനോരോഗ വിദഗ്ധരേയും കാണിച്ചെങ്കിലും കുറയാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
2019 ജനുവരി 30ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്ത് പറയുന്നത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നു. മെഡിക്കൽ കോളേജ് അധികൃതർ ഉടൻ തന്നെ ഈ വിവരം പോലീസിൽ അറിയിക്കുകയും പ്രതിക്കെതിരെ കേസെടുക്കുകയുമായിരുന്നു.












