
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിനായി പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. പാറമേക്കാവ് , തിരുവമ്പാടി ക്ഷേത്രങ്ങൾ പൂരത്തിൽ തങ്ങളുടെ പ്രൗഢി കാണിക്കുന്നതിനായി അരയും തലയും മുറുക്കിയിരിക്കുകയാണ്. കുടമാറ്റവും തെക്കോട്ടിറക്കവുമൊക്കെയായി തൃശൂർ പൂരം അതിന്റെ പ്രതാപം തെളിയിക്കുമ്പോൾ കൗതുകമുണർത്തുക ഇലഞ്ഞിത്തറമേളമായിരിക്കും. നീണ്ട 25 വർഷത്തെ മേളക്കൊഴുപ്പിനു ശേഷം പെരുവനം കുട്ടൻമാരാർ പൂരപ്രമാണി സ്ഥാനത്ത് നിന്നും ഇറങ്ങിയ പൂരം കൂടിയാണ് ഈ വർഷത്തേത്ത്. മേളപ്രമാണിയായി അനിയൻ മാരാർ എത്തുമ്പോൾ മേളത്തിൽ വരുന്ന മാറ്റങ്ങൾക്ക് കാതോർക്കുകയാണ് മേളപ്രേമികൾ.
തൃശൂർ പൂരത്തിന്റെ ഭാഗമായ എഴുന്നള്ളത്ത് വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ് അവസാനിക്കുക. അതേത്തുടർന്നാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. ഏകദേശം നാല് മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്. വാദ്യരംഗത്തെ പ്രമാണിമാർക്ക് ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നതിനുള്ള നിയോഗം.
വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാർത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത് കൊട്ടുന്നത് തൃശൂർ പൂരത്തിന് മാത്രമാണ് എന്നതാണ്. മേളത്തിൻറെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ് ക്ഷേത്രമതിൽക്കകത്ത് കൊട്ടാറുള്ളത്.
ഈ ഇലഞ്ഞിത്തറക്ക് കീഴിലാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്.എന്നാൽ പുരാതനമായ ഇലഞ്ഞി 2001ൽ കടപ്പുഴകി വീണിരുന്നു. ശേഷം, 2001 സപ്തംബർ 11 ന് പുതിയ ഇലഞ്ഞി നട്ടു. അതിനു കീഴിലാണ് നിലവിൽ ഇലഞ്ഞിത്തറമേളം നടക്കുന്നത്. നൂറുകണക്കിന് വാദ്യകലാകാരന്മാരാണ് ഇലഞ്ഞിത്തറമേളത്തിനായി സംഗമിക്കുന്നത്. 250 പേരാണ് ശരാശരി കണക്ക്. ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്.
പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്. ഈ സമയത്ത് കാണികളുടെ ആവേശം ഒന്ന് കാണേണ്ടത് തന്നെയാണ്.ഘട്ടം ഘട്ടമായാണ് പാണ്ടിമേളം പുരോഗമിക്കുന്നത്. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ് മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്. ശേഷം കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇലഞ്ഞിത്തറമേളം അവസാനിക്കുന്നതോടെ ചടങ്ങുകളിൽ പ്രധാനമായ തെക്കോട്ടിറക്കം ആരംഭിക്കുന്നു.











Discussion about this post