ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തും. രണ്ട് ദിവസം നീളുന്ന സന്ദർശനത്തിനിടെ ആറ് പൊതുസമ്മേളനങ്ങളിലും രണ്ട് റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും.
ശനിയാഴ്ച രാവിലെ കർണാടകയിലെ ബിദാർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങുക. അവിടെ നിന്ന് ഹെലികോപ്ടറിൽ അദ്ദേഹം ആദ്യ പൊതുസമ്മേളന വേദിയായ ഹുമ്‌നാബാദിലേക്ക് യാത്ര തിരിക്കും. രാവിലെ 11 മണിയോടെയാണ് ഇവിടെ പൊതുസമ്മേളനം. ഇതിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം വിജയ്പുരയിൽ രണ്ടാമത്തെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തും. ഒരു മണിക്കാണ് ഇവിടെ പരിപാടി.
ബെലഗാവിയിലെ കുഡച്ചിയിൽ ഉച്ചയ്ക്ക് 2.45 നാണ് മൂന്നാമത്തെ പൊതുസമ്മേളനം. വൈകിട്ടോടെ തലസ്ഥാന നഗരമായ ബംഗലൂരുവിലെത്തുന്ന മോദി ബംഗലൂരു നോർത്തിൽ ആദ്യ റോഡ് ഷോയിൽ പങ്കെടുക്കും. രാജ്ഭവനിൽ തങ്ങിയ ശേഷം അദ്ദേഹം ഞായറാഴ്ച രാവിലെ കോലാറിൽ ആദ്യ പരിപാടിക്ക് എത്തും. രാവിലെ 11.30 നാണ് ഇവിടെ പൊതുസമ്മേളനം വെച്ചിരിക്കുന്നത്.
രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാക്കാൻ ഇടയായ വിവാദ പ്രസംഗം നടന്ന സ്ഥലമാണ് കോലാർ. അടുത്തിടെ രാഹുൽ വീണ്ടും ഇവിടെയെത്തി പ്രസംഗിച്ചിരുന്നു. രാമനഗരയ്ക്ക് സമീപം ഛന്നപട്ടണയിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് അഞ്ചാമത്തെ പരിപാടി. ഇതിന് ശേഷം വൈകിട്ട് 3.45 ന് ബേലൂരിലെ ഹാസനിൽ നടക്കുന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഞായറാഴ്ച വൈകിട്ട് മൈസൂരു നഗരത്തിലാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റോഡ് ഷോ നടക്കുക.
Discussion about this post