ന്യൂഡൽഹി: ലോകത്തെ അതികഠിനമായ ഗോൾഡൻ ഗ്ലോബ് റെയ്‌സ് പായ് വഞ്ചിയോട്ട മത്സരത്തിൽ മലയാളി നാവികനും മുൻ നാവികസേനാംഗവുമായ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്തപ്പോൾ ഇന്ത്യൻ നാവികസേനയ്ക്കും ഇത് അഭിമാന മുഹൂർത്തമായി. 2018 ലെ റെയ്‌സിൽ പങ്കെടുക്കുന്നതിനിടെ അപകടം നേരിടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത അഭിലാഷ് ടോമി ജീവിതത്തിലേക്ക് സുരക്ഷിതനായി തിരിച്ചെത്തിയതും പിന്നീട് സാഹസീക യാത്രയുടെ ട്രാക്കിലേക്ക് വീണ്ടും ഇറങ്ങിയതും നാവികസേനയുടെ കരുതലിന്റെ ഫലമായിരുന്നു. ഓപ്പറേഷൻ രക്ഷാം എന്ന അതിസങ്കീർണമായ രക്ഷാദൗത്യമായിരുന്നു അഭിലാഷിന് വേണ്ടി നാവികസേന അന്ന് വിജയിപ്പിച്ചത്.
2018 ലെ റെയ്‌സിലും അഭിലാഷ് മത്സരിച്ചെങ്കിലും ശക്തമായ കാറ്റിൽ വഞ്ചി തകർന്ന് അപകടത്തിൽപെടുകയായിരുന്നു. നടുവിന് പരിക്കേറ്റ അഭിലാഷിനെ രക്ഷപെടുത്തി സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച ഇന്ത്യൻ നാവികസേനയുടെ രക്ഷാദൗത്യമാണ് ഓപ്പറേഷൻ രക്ഷാം.
2018 സെപ്തംബർ 21 ന് ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ഏകദേശം 1900 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ കൊടുങ്കാറ്റിൽപെട്ട് അഭിലാഷിന്റെ കപ്പലായ തുരിയ’ തകർന്നു. അപകട വിവരം ലഭിച്ചതിന് പിന്നാലെ കാൻബറയിലെ ഓസ്ട്രേലിയൻ റെസ്‌ക്യൂ കോർഡിനേഷൻ സെന്റർ ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പും ഇന്ത്യൻ നേവിയും ഉൾപ്പെടെയുള്ള നിരവധി ഏജൻസികളുമായി ചേർന്ന് രക്ഷാദൗത്യം ഏകോപിപ്പിച്ചു.
പ്രദേശത്ത് ലോംഗ് റേഞ്ച് മാരിടൈം റെക്കണൈസൻസ് എയർക്രാഫ്റ്റ് പി 8I വിന്യസിക്കുകയും രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നതിനായി സത്പുര, ജ്യോതി എന്നീ കപ്പലുകളെ തിരിച്ചുവിടുകയും ചെയ്തു. സെപ്തംബർ 24 ന് ഫ്രഞ്ച് മത്സ്യബന്ധന കപ്പൽ ഒസിരിസ് തുരിയയുടെ സമീപത്തെത്തി വിജയകരമായ രക്ഷാപ്രവർത്തനം നടത്തി, പിന്നീട് അഭിലാഷ് ടോമിയെ ഐൽ ആംസ്റ്റർഡാമിലേക്ക് മാറ്റി.
ഐഎൻഎസ് സത്പുരയിലെ ഹെലികോപ്ടർ ഉപയോഗിച്ചാണ് ഐൽ ആംസ്റ്റർഡാമിൽ നിന്ന് സെപ്റ്റംബർ 28 ന് അഭിലാഷ് ടോമിയെ സുരക്ഷിതമായി ഒഴിപ്പിച്ചത്. തുടർന്ന് വിശാഖപട്ടണത്തേക്കുള്ള യാത്രയ്ക്കിടെ കപ്പലിൽ ആവശ്യമായ വൈദ്യസഹായം നൽകി. വിശാഖപട്ടണത്ത് എത്തിയ ശേഷം നാവികസേന ആശുപത്രിയിൽ ലഭിച്ച വിദഗ്ധ ചികിത്സയാണ് അഭിലാഷിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
ഒരു ടൈറ്റാനിയം റോഡ് ഉപയോഗിച്ച് നട്ടെല്ലിനെയും അഞ്ച് കശേരുക്കളെയും ബന്ധിപ്പിക്കേണ്ടി വന്നു. ഇക്കുറി വീണ്ടും ഗോൾഡൻ ഗ്ലോബ് റെയ്‌സിന് ഇറങ്ങിയ അഭിലാഷ് മനോധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സഹനത്തിന്റെയും പരീക്ഷണങ്ങൾ അതിജീവിച്ച വ്യക്തിയാണെന്ന് നാവികസേന ട്വിറ്ററിൽ കുറിച്ചു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയും അഭിലാഷിനെ അഭിനന്ദിച്ചു.
ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 നാണ് അഭിലാഷ് ടോമി തീരമണഞ്ഞത്. വ്യാഴാഴ്ച രാത്രി തീരത്തെത്തിയ ദക്ഷിണാഫ്രിക്കൻ വനിതാ മത്സരാർത്ഥി കേഴ്സ്റ്റൺ നോയിഷെയ്ഫർ ആണ് ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്തത്. 236 ദിവസങ്ങളും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് അഭിലാഷ് ഫിനീഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് റെയ്‌സ് ഫിനീഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ്.
ആധുനിക നാവിഗേഷൻ സംവിധാനങ്ങളുടെ സഹായമോ ഉപകരണങ്ങളോ ഇല്ലാതെയാണ് ഗോൾഡൻ ഗ്ലോബ് റെയ്‌സിൽ നാവികർ പങ്കെടുക്കുന്നത്. 1968 ലെ ആദ്യ റെയ്‌സിന്റെ പരിമിതികളിൽ നിന്നുളള ഉപകരണങ്ങളും സൗകര്യങ്ങളും മാത്രം ഉപയോഗിച്ചാണ് നാവികർ ഇതിൽ പങ്കെടുക്കുന്നത്.
നാവികസേനയുടെ കീഴിൽ സെയ്‌ലിങ് പരിശീലനം നേടിയ അഭിലാഷ് നേരത്തെയും പായ്‌വഞ്ചി യാത്രകളിലൂടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വിരമിച്ച നാവികസേന ലെഫ.് കമാൻഡർ വള്ളിയറ ചാക്കോ ടോമിയുടെയും, വത്സമ്മ ടോമിയുടെയും മകനാണ്. 2013 ൽ ഒരിടത്തും നിർത്താതെ മാദേയി എന്ന പായ് വഞ്ചിയിൽ അഭിലാഷ് ലോകം ചുറ്റി വന്നതും വാർത്തയായിരുന്നു. 2012 നവംബറിൽ മുംബൈ തീരത്ത് നിന്ന് പുറപ്പെട്ട അഭിലാഷ് 2013 ഏപ്രിൽ ആറിനാണ് മുംബൈയിൽ തിരിച്ചെത്തിയത്. ഇത്തരത്തിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ്. 151 ദിവസം കൊണ്ടാണ് ആ യാത്ര പൂർത്തിയാക്കിയത്.
ഒരു മാഗസിനിൽ പായ്ക്കപ്പലിൽ തനിയെ ലോകം ചുറ്റി വരുന്നതിനെക്കുറിച്ച് വായിച്ച അറിവാണ് അഭിലാഷ് ടോമിയെ ഈ സാഹസിക രംഗത്തേക്ക് കൂടുതൽ അടുപ്പിച്ചത്. 2021 ജനുവരിയിലാണ് അദ്ദേഹം നാവികസേനയിൽ നിന്നും വിരമിക്കുന്നത്. കീർത്തിചക്ര, ടെൻസിഹ് നോർഗെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Discussion about this post