ബംഗലൂരു: കർണാടകയിലെ ജനങ്ങളെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. സംസ്ഥാനത്തെ തന്റെ മൂന്നാമത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം ബെലഗാവിയിൽ നിന്നും വൈകുന്നേരം 5.00 മണിയോടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ.
ബാംഗ്ലൂർ നോർത്ത് എം പി സദാനന്ദ ഗൗഡ, ബിജെപി എം എൽ സി നാരായണ സ്വാമി എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. കുങ്കുമ വർണത്തിലുള്ള തൊപ്പി ധരിച്ചായിരുന്നു പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുത്തത്.
പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യമർപ്പിക്കാനും വൻ ജനാവലിയാണ് പാതയോരത്ത് തടിച്ചുകൂടിയത്. ഇവർ പ്രധാനമന്ത്രിക്ക് മേൽ പുഷ്പവൃഷ്ടി ചൊരിഞ്ഞു. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാനെത്തിയവരിൽ ഏറിയ പങ്കും യുവാക്കളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഉത്തര ബംഗലൂരുവിലെ മഗാദി റോഡ്, നൈസ് റോഡ് ജംഗ്ഷൻ, സുമൻഹള്ളി തുടങ്ങിയ പ്രദേശങ്ങളിലൂടെ റോഡ് ഷോ കടന്ന് പോയി. 5.3 കിലോമീറ്റർ പാതയിലൂടെ കടന്നുപോയ റോഡ് ഷോയിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.
Discussion about this post