ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ആർട്ടിലറി റെജിമെന്റിലേക്ക് വനിതാ ഓഫീസർമാരെ നിയമിച്ച് ഇന്ത്യൻ സൈന്യം. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ അഞ്ച് പേരെയാണ് ഓഫീസർമാരായി നിയമിച്ചത്.
ലഫ്. സാക്ഷി ദുബെ, ലഫ്. മെഹാക് സെയ്‌നി, ലഫ്. അതിഥി യാദവ്, ലഫ്. പയസ് മുദ്ഗിൽ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. പാസിങ് ഔട്ട് പരേഡിന് ശേഷം ആർട്ടിലറി റെജിമെന്റിന്റെ ഡയറക്ടർ ജനറൽ വനിതാ ഓഫീസർമാരെ സ്വാഗതം ചെയ്തു.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡ് ബംഗ്ലാദേശ് സൈനിക മേധാവി ജന. എസ്എം സഫിയുദ്ദീൻ അഹമ്മദ് പരിശോധിച്ചു. ഭൂട്ടാനിൽ നിന്നുളള 29 കേഡറ്റുകൾ ഉൾപ്പെടെ 186 പേരുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്.
വനിതാ ഓഫീസർമാരുടെ പോസ്റ്റിങ് എവിടെയായിരിക്കും എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. എന്നാൽ മൂന്ന് പേരെ ചൈനീസ് അതിർത്തിമേഖലയിലും രണ്ട് പേരെ പാകിസ്താൻ അതിർത്തി പ്രദേശത്തുമാകും നിയോഗിക്കുകയെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
സൈന്യത്തിലെ വനിതാപങ്കാളിത്തം ഉയർത്തിക്കൊണ്ടുവരാൻ നിരവധി നടപടികളാണ് ഇന്ത്യൻ സൈന്യം സ്വീകരിക്കുന്നത്. സാധാരണ കേഡറ്റുകളായി ഇവരെ നിലനിർത്തുന്നതിന് പകരം തന്ത്രപ്രധാനമായ പല ചുമതലകളും വനിതകൾക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. അഗ്നിവീർ റിക്രൂട്ട്‌മെന്റിൽ ഉൾപ്പെടെ വനിതകൾക്ക് പ്രാമുഖ്യം നൽകുന്നുണ്ട്.









