അങ്കാര: ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവിനെ വധിച്ചുവെന്ന അവകാശവാദവുമായി തുർക്കി. രഹസ്വാന്വേഷണ ഏജൻസികളെ ഉദ്ദരിച്ച് പ്രസിഡന്റ് തയ്യിബ് എർദോഗാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബു ഹസ്സൻ അൽ ഖുറേഷിയെ ആണ് വകവരുത്തിയത്. തുർക്കിയിലെ രഹസ്യാന്വേഷണ ഏജൻസി ഖുറേഷിയെ ഏറെ കാലമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് എർദോഗാൻ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഭീകര നേതാവിനെ വധിച്ചത്. നിർണായക ദൗത്യത്തിലൂടെയായിരുന്നു ഇത് സാധിച്ചതെന്നും എർദോഗാൻ പറഞ്ഞു.
ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു ദൗത്യത്തിന് തുടക്കമായത്. ഒരു മണിക്കൂർ മാത്രം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകര നേതാവിനെ കൊലപ്പെടുത്തിയത് എന്നും എർദോഗാൻ കൂട്ടിച്ചേർത്തു. തുർക്കി സുരക്ഷാ സേനയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വടക്കൻ സിറിയയിലെ ജാന്ദ്രിസ് നഗരത്തിൽവച്ചായിരുന്നു ദൗത്യം. തുർക്കി ഭരണകൂടത്തെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ കേന്ദ്രമാണ് ഇവിടമെന്നും സുരക്ഷാ സേന അറിയിച്ചു. 2022 ലാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തലവനായി ഖുറേഷി അധികാരമേൽക്കുന്നത്.
Discussion about this post