ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കും. ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കുക. കർണാടകയുടെ സമ്പൂർണ വികസനം ലക്ഷ്യമിട്ടുള്ള നയങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ളതാണ് ഇത്തവണത്തെ പ്രകടന പതിക്ര.
പരിപാടിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ എന്നിവർ പങ്കെടുക്കും. യുവാക്കളുടെ വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ട. അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയും ബിജെപിയുടെ ലക്ഷ്യമാണ്.
എല്ലാ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ആയിരുന്നു ബിജെപിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നത്. ക്ഷീര സംരക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ബിജെപി പ്രധാന്യം നൽകുകയും ചെയ്തിരുന്നു.
ഈ മാസം 10 നാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കുറിയും സംസ്ഥാനത്ത് ബിജെപി തന്നെ അധികാരത്തിൽവരുമെന്നാണ് പ്രവചനങ്ങൾ. നിലവിലെ ബിജെപിയുടെ ഭരണത്തിൽ ജനങ്ങൾ തൃപ്തരാണ്. അതുകൊണ്ട് തന്നെ അധികാര തുടർച്ചയാകും കർണാടകയിൽ ഉണ്ടാകുകയെന്നാണ് സൂചന.
Discussion about this post