സ്ത്രീത്വത്തെ അപമാനിച്ചും ജാതി-മത വിദ്വേഷം പടർത്തിയുമുള്ള പ്രസ്താവനയുമായി മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ഫൂൽ സിംഗ് ബരയ്യ. സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ പുരുഷന്മാരുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് പീഡനങ്ങൾക്ക് കാരണമെന്നും, ദളിത്-ആദിവാസി വിഭാഗത്തിലെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് മറ്റ് കാരണങ്ങളാലാണെന്നും അദ്ദേഹം പറഞ്ഞു. ഭണ്ഡേർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുടെ ഈ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം ഉയരുകയാണ്.
ശനിയാഴ്ച ഒരുമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാരതീയ സംസ്കാരത്തിനും സ്ത്രീകളുടെ അന്തസ്സിനും നിരക്കാത്ത രീതിയിലുള്ള പരാമർശങ്ങൾ അദ്ദേഹം നടത്തിയത്.സ്ത്രീകളുടെ സൗന്ദര്യത്തെ ജാതിയുമായി ബന്ധിപ്പിച്ച ബരയ്യ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ ക്രൂരമായി അധിക്ഷേപിച്ചു.”പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളിൽ എവിടെയെങ്കിലും സുന്ദരികളായ സ്ത്രീകളുണ്ടോ? പിന്നെയെന്തുകൊണ്ടാണ് അവർ പീഡിപ്പിക്കപ്പെടുന്നത്?” എന്നായിരുന്നു ബരയ്യയുടെ ചോദ്യം.ഇതിന് മതപരമായ വ്യാഖ്യാനവും അദ്ദേഹം നൽകി. “ചില മതഗ്രന്ഥങ്ങളിൽ പറയുന്നത് പ്രകാരം ഇത്തരം വിഭാഗങ്ങളിലെ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തീർത്ഥാടനത്തിന് തുല്യമാണെന്നും പുണ്യം ലഭിക്കുമെന്നുമാണ്. അതുകൊണ്ടാണ് പുരുഷന്മാർ ഇവരെ ലക്ഷ്യം വെക്കുന്നതെന്ന് ബരയ്യ പറഞ്ഞു.
സ്ത്രീയുടെ സമ്മതമില്ലാതെ ഒരു പുരുഷനും പീഡിപ്പിക്കാൻ കഴിയില്ലെന്ന വിചിത്ര വാദവും അദ്ദേഹം ഉയർത്തി.
കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ ഭാരതീയ ജനതാ പാർട്ടി രംഗത്തെത്തി. ഭാരതത്തിന്റെ പൈതൃകത്തെയും ദളിത് വിഭാഗങ്ങളെയും അപമാനിച്ച ബരയ്യയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് ആവശ്യപ്പെട്ടു.ഈ പ്രസ്താവനയെ ഞാൻ ശക്തമായി അപലപിക്കുന്നു. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് ബരയ്യയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണം.”കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനും എംഎൽഎയുടെ വാക്കുകൾ തന്നെ ആഴത്തിൽ വേദനിപ്പിച്ചുവെന്ന് പ്രതികരിച്ചു.
“സ്ത്രീകളെ വെറും വസ്തുക്കളായി കാണുന്ന കോൺഗ്രസ് മാനസികാവസ്ഥയുടെ പ്രതിഫലനമാണ് ബരയ്യയുടെ വാക്കുകൾ. ഭാരതീയ നാരീത്വത്തെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്ന്.” ബിജെപി നേതൃത്വം വ്യക്തമാക്കി. പ്രതിഷേധം ശക്തമായിട്ടും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ്. മാദ്ധ്യമങ്ങൾ തനിക്ക് മരണശിക്ഷ വിധിക്കാൻ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Discussion about this post