ഇൻഡോറിൽ ന്യൂസിലൻഡിനെതിരായ നിർണ്ണായകമായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സ്വീകരിച്ചിരിക്കുന്ന മുൻകരുതൽ നടപടി ചർച്ചയാകുന്നു. നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജലമലിനീകരണവും മരണങ്ങളും കണക്കിലെടുത്ത് ഏകദേശം 3 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക വാട്ടർ പ്യൂരിഫയർ മെഷീൻ ഗിൽ തന്റെ ഹോട്ടൽ മുറിയിൽ സ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായ ഇൻഡോറിലെ ഭാഗീരഥ്പുര മേഖലയിൽ മലിനജലം കുടിച്ച് ഇതുവരെ 23 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കളിക്കാരുടെ ആരോഗ്യം മുൻനിർത്തിയാണ് ക്യാപ്റ്റൻ ഈ മുൻകരുതൽ എടുത്തത്. പാക്കേജ്ഡ് വാട്ടറും ആർ.ഒ ഫിൽട്ടർ ചെയ്ത വെള്ളവും വീണ്ടും ശുദ്ധീകരിക്കാൻ ശേഷിയുള്ള ഹൈ-എൻഡ് മെഷീനാണ് ഗിൽ തന്റെ മുറിയിൽ സ്ഥാപിച്ചിരിക്കുന്നത്.
ഇത് ടീമിന്റെ പൊതുവായ തീരുമാനമാണോ അതോ ഗില്ലിന്റെ വ്യക്തിഗത ആരോഗ്യ പ്രോട്ടോക്കോളിന്റെ ഭാഗമാണോ എന്ന് ടീം മീഡിയ മാനേജർ വ്യക്തമാക്കിയിട്ടില്ല. ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിരാട് കോഹ്‌ലി ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ‘എവിയൻ’ (Evian) സ്പ്രിംഗ് വാട്ടറാണ് ഉപയോഗിക്കാറുള്ളത്. ഈ മാതൃക പിന്തുടർന്നാവാം ഗില്ലിന്റെയും നീക്കം.
മത്സരത്തിന് മുന്നോടിയായി കോച്ച് ഗൗതം ഗംഭീർ അഗർ മാൾവയിലെ ബഗ്ലാമുഖി ക്ഷേത്രത്തിലും, വിരാട് കോഹ്‌ലി, കുൽദീപ് യാദവ്, കെ.എൽ രാഹുൽ എന്നിവർ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലും സന്ദർശനം നടത്തിയ ചിത്രങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു.













Discussion about this post