എറണാകുളം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരിയിലൂടെ രക്ഷിച്ച കൂടുതൽ പേർ കേരളത്തിലെത്തി. രാവിലെയോടെ 180 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. ഇന്നലെ 22 പേർ നാട്ടിലെത്തിയിരുന്നു.
സുഡാനിൽ നിന്നും ഇവരെ രക്ഷിച്ച് ജിദ്ദയിലേക്കാണ് ആദ്യം എത്തിച്ചത്. അവിടെ നിന്നുമായിരുന്നു ഇവർ കൊച്ചിയിൽ എത്തിയത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. വിവിധ സംസ്ഥാനത്തുളളവരാണ് ഇവരെന്ന് അധികൃതർ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി വിമാനത്താവളത്തിൽ പ്രത്യേകം ഹെൽപ് ഡെസ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. അതേസമയം ഓപ്പറേഷൻ കാവേരി തുടരുന്ന സാഹചര്യത്തിൽ സുഡാനിൽ താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ചവരെ സുഡാനിൽ നിന്നും 2,400 പേരെയാണ് ജിദ്ദയിൽ എത്തിച്ചത്. ഇനിയും ആളുകൾ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഏകദേശം മൂവായിരം ഇന്ത്യക്കാരാണ് സുഡാനിൽ ഉള്ളതെന്നാണ് കണക്കാക്കുന്നത്.
Discussion about this post