തൃശ്ശൂർ: അവസാനചടങ്ങും പൂർത്തിയാക്കി ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് പരിസമാപ്തിയായി. വടക്കുംനാഥനെ സാക്ഷിനിർത്തി ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ഈ വർഷത്തെ പൂരം ചടങ്ങുകൾ അവസാനിച്ചത്. പൂരം വെടിക്കെട്ട് അൽപ്പസമയത്തിനകം നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിരുവമ്പാടി ഭഗവതിയുടേയും എറണാകുളം ശിവകുമാർ പാറമേക്കാവ് ഭഗവതിയുടേയും തിടമ്പ് ശിരസ്സിലേറ്റി.
വടക്കുംനാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരൻ ശ്രീമൂലസ്ഥാനത്തെത്തിയത്. നടുവിലാൽ ഗണപതിയെ വലംവച്ചാണ് ശിവകുമാർ ശ്രീമൂലസ്ഥാനത്തെത്തിയത്. രണ്ട് ആനകളും മുഖാമുഖം വന്ന് മൂന്നുവട്ടം ഉപചാരം ചൊല്ലി അടുത്ത മേട പൂരത്തിന് കാണാം എന്ന് ഉപചാരം ചൊല്ലി പിരിയുകയായിരുന്നു.
എട്ട് മണിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് മണികണ്ഠനാൽ ഭാഗത്തുനിന്നാണ് തുടങ്ങിയത്. 15 ആനകളാണ് എഴുന്നള്ളിപ്പിന് ഉണ്ടായിരുന്നത്. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള മേളവും ഉണ്ടായിരുന്നു. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിലാണ് തിരുവമ്പാടി വിഭാഗത്തിന്റെ മേളം നടന്നത്. 14 ആനകളാണ് തിരുവമ്പാടി ഭാഗത്ത് ഉണ്ടായിരുന്നത്. ഇതോടൊപ്പം കുടമാറ്റവും ഉണ്ടായിരുന്നു. ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം പകൽ വെടിക്കെട്ടോടെയാണ് ഇക്കൊല്ലത്തെ പൂരം അവസാനിക്കുന്നത്. ഏപ്രിൽ 19നാണ് അടുത്ത പൂരം.
Discussion about this post