തിരുവനന്തപുരം: ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദർശനാനുമതി നിഷേധിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സർക്കാരിനോട് ആവശ്യപ്പെട്ടു. നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവർ ക്രൈസ്തവർക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണെന്നും ക്ലീമിസ് ബാവ പറഞ്ഞു.
എല്ലാ ജില്ലാ കളക്ടർമാർക്കും അതാത് ജില്ലകളിൽ ഈ നാടകത്തിന്റെ പ്രദർശനം നിരോധിക്കണമെന്ന് നിവേദനം നേരത്തേ തന്നെ നൽകിയിട്ടുള്ളത് തമസ്‌ക്കരിച്ചു കൊണ്ടാണ് ഈ ദിവസങളിൽ വീണ്ടും പ്രദർശനാനുമതി നൽകിയത്. തങ്ങളുടെ പോഷക സംഘടനകളെ മുന്നിൽ നിർത്തി ക്രിസ്തീയ വിശ്വാസത്തെ തകർത്തുകളയാമെന്നുള്ള വ്യാമോഹം നടക്കില്ല. ഇതര സമുദായങ്ങളെപ്പോലെ തുല്യനീതി ക്രൈസ്തവർക്കും അർഹതയുള്ളയാണെന്ന് മാർ ക്ലീമീസ് ബാവ പറഞ്ഞു.
ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങൾ നൽകിയിട്ടുള്ള സംഭാവനകൾ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീശുശ്രൂഷ തുടങ്ങിയ മേഖലകളിൽ നൂറ്റാണ്ടുകളായി അവർ നൽകിക്കൊണ്ടിരിക്കുന്ന കാരുണ്യപ്രവർത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ കഥകൾ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണെന്ന് ക്ലീമിസ് കാതോലിക്കാ ബാവ ആരോപിച്ചു.
സർക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അർത്ഥം ഇനിയും മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് ഈ കാര്യത്തിൽ അറിയുവാൻ സഭയ്ക്ക് താൽപര്യമുണ്ട്. നാഴികയ്ക്ക് നാൽപ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ ഈ കാര്യത്തിൽ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സഭ ഇത്തരം നടപടികളെ ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി കാണുന്നു. നേരിട്ട് കണ്ടും പ്രസ്താവനകളിലൂടെയും സഭയെയും ക്രൈസ്തവ സമൂഹത്തെയും പിന്തുണ അറിയിക്കുന്നവർ ഈ വിഷയത്തിൽ നടത്തുന്ന ഒളിച്ചുകളി അങ്ങേയറ്റം അപലപനീയമാണെന്നും ക്ലീമിസ് ബാവ പറഞ്ഞു.
Discussion about this post