മരിക്കുമ്പോള്‍ എന്തൊക്കെയാണ് ശരീരത്തില്‍ സംഭവിക്കുന്നത്. മനുഷ്യന്‍ കാലാകാലങ്ങളായി ഉത്തരം തേടുന്ന ചോദ്യമാണിത്. മരണത്തോടെ ജീവന്‍ ശരീരത്തില്‍ നിന്നും വിട്ടകലുമെന്നും ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും ഒക്കെ നമുക്കറിയാം. പക്ഷേ ശരീരത്തില്‍ നിന്നും പുറത്തുപോകാന്‍ ജീവന് സിഗ്നല്‍ കൊടുക്കന്നത് ആരാണ്. ജീവിച്ചിരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന സിഗ്നലിംഗ് കേന്ദ്രം തലച്ചോറാണ്. ആ തലച്ചോറ് തന്നെയാണോ മരണത്തിനുള്ള സിഗ്നലും നല്‍കുന്നത്.
തലച്ചോറിന്റെ രഹസ്യങ്ങള്‍ കണ്ടെത്തുകയെന്നത് അത്ര എളുപ്പമല്ല. ലോകമെമ്പാടുമുള്ള ന്യൂറോസയിന്റുസ്റ്റുകള്‍ തലച്ചോറിന്റെ ഉള്ളറകളില്‍ എഴുതപ്പെട്ടിരിക്കുന്ന ജീവരഹസ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചിട്ട് കാലങ്ങളായി. അവരുടെ ഓരോ കണ്ടെത്തലുകളും ജീവന്റെ നിലനില്‍പ്പിനെയും ശരീര പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച പുതിയ പുതിയ വിവരങ്ങളാണ് ലോകത്തിന് മുമ്പില്‍ തുറന്നിട്ടത്. ഇപ്പോഴിതാ കുറച്ച് ഗവേഷകര്‍ മരണത്തിന് തൊട്ടുമുമ്പ് തലച്ചോറിനുള്ളില്‍ നടന്ന നിഗൂഢമായ ഒരു പ്രവര്‍ത്തനം കണ്ടെത്തിയിരിക്കുന്നു.

തലച്ചോറ് പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് മുമ്പ്, അതായത് ഒരു വ്യക്തിയുടെ മരണത്തിന് തൊട്ടുമുമ്പായി എന്താണ് തലച്ചോറില്‍ നടക്കുന്നതെന്നും തലച്ചോറിന്റെ ശാസ്ത്രവും കണ്ടെത്താന്‍ വളരെ കാലമായി ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നു. മുമ്പ് മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം നിലയ്ക്കുന്നതിന് തൊട്ടുമുമ്പ് തലച്ചോറില്‍ ഗാമ തരംഗങ്ങള്‍ വര്‍ധിച്ച സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, മനുഷ്യരുടെ അന്ത്യസമയത്ത് തലച്ചോറിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ആസ്ഥാനമായ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വെന്റിലേറ്റര്‍ സഹായം നീക്കിയതിന് ശേഷം, മരണത്തിലേക്ക് അടുത്ത നാലുപേരുടെ അവസാന സമയത്തെ ഇഇജി, ഇസിജി റിപ്പോര്‍ട്ടുകള്‍ പഠനവിധേയമാക്കിയത്. ഈ നാലുപേരും കോമ അവസ്ഥയില്‍ ആയിരുന്നു. രണ്ടു വ്യക്തികളില്‍, ഗാമ പ്രവര്‍ത്തനങ്ങള്‍ കാരണം ഗ്ലോബല്‍ ഹൈപ്പോക്‌സിയ സംഭവിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇവരുടെ കണ്ടെത്തലുകള്‍ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹൃദയസ്തംഭനം ഉണ്ടാകുന്ന വേളയില്‍ തലച്ചോറിലുണ്ടാകുന്ന പ്രവര്‍ത്തനം കാര്യമായി മനസിലാക്കാന്‍ സാധിച്ചില്ലെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ പ്രത്യക്ഷത്തിലുള്ള ബോധം മായുമെന്നത് ഉറപ്പാണെങ്കിലും മരിക്കുന്ന സമയത്ത് ഒരു വ്യക്തിക്ക് ആന്തരികമായ അല്ലെങ്കില്‍ പുറമേ പ്രകടമാകാത്ത ബോധം ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.













Discussion about this post