ലോകത്തെ അമ്പരപ്പിച്ച് പതിമൂന്നുകാരനായ മാറ്റിയോ പാസ് എന്ന കൊച്ചു ശാസ്ത്രജ്ഞൻ. നാസയുടെ ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ഒന്നരക്കോടിയോളം നക്ഷത്രങ്ങളെ പട്ടികപ്പെടുത്തിയ മാറ്റിയോയെ തേടി സാക്ഷാൽ നാസ മേധാവിയുടെ ജോലി വാഗ്ദാനം എത്തിക്കഴിഞ്ഞു. വെറുമൊരു ശാസ്ത്ര പരീക്ഷണമല്ല, മറിച്ച് ഒരു ഫൈറ്റർ ജെറ്റ് പറത്തിക്കൊണ്ടാണ് മാറ്റിയോ ഈ കണ്ടെത്തൽ നടത്തിയത് എന്നതാണ് ലോകത്തെ അമ്പരപ്പിക്കുന്നത്.
നാസയുടെ നിയോവൈസ് ദൂരദർശിനിയിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യാനാണ് മാറ്റിയോ എഐ പ്രോഗ്രാം വികസിപ്പിച്ചത്. ശതകോടീശ്വരനും നാസ മേധാവിയുമായ ജാരെഡ് ഐസക്മാൻ പൈലറ്റായ എൽ-39 (L-39) ഫൈറ്റർ ജെറ്റിൽ ഇരുന്നുകൊണ്ടായിരുന്നു മാറ്റിയോ തന്റെ എഐ മോഡൽ പരീക്ഷിച്ചത്. അതിവേഗത്തിൽ പറക്കുന്ന വിമാനത്തിനുള്ളിലിരുന്ന് ഒന്നരക്കോടി നക്ഷത്രങ്ങളെ തരംതിരിക്കാൻ മാറ്റിയോയുടെ സാങ്കേതികവിദ്യയ്ക്ക് സാധിച്ചു. ഇതിൽ പല നക്ഷത്രങ്ങളെയും മനുഷ്യൻ ഇതിനുമുമ്പ് ഇത്രയും കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല.
മാറ്റിയോയുടെ അസാമാന്യ പ്രതിഭ കണ്ട് അമ്പരന്ന ജാരെഡ് ഐസക്മാൻ ഉടൻ തന്നെ പ്രതികരിച്ചു. “പഠനം പൂർത്തിയാക്കിയാലുടൻ മാറ്റിയോയ്ക്ക് നാസയിൽ ജോലി നൽകും. നിങ്ങളെപ്പോലുള്ള മിടുക്കരെയാണ് നാസയ്ക്ക് ആവശ്യം,” ഐസക്മാൻ പറഞ്ഞു. നിലവിൽ നാസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭകളിലൊരാളായാണ് മാറ്റിയോ പാസ് വിലയിരുത്തപ്പെടുന്നത്.
ഭാവിയിലെ ബഹിരാകാശ പര്യവേഷണം ഭീമമായ ഡാറ്റകൾ സെക്കന്റുകൾക്കുള്ളിൽ വിശകലനം ചെയ്യാൻ മാറ്റിയോ വികസിപ്പിച്ച എഐ മോഡലിന് കഴിയുമെന്നത് ബഹിരാകാശ ശാസ്ത്രരംഗത്ത് വലിയ വിപ്ലവത്തിന് വഴിതുറക്കും. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയാൻ മാസങ്ങളും വർഷങ്ങളും എടുക്കുന്ന സ്ഥാനത്താണ് എഐയുടെ സഹായത്തോടെ ഈ പതിമൂന്നുകാരൻ വിസ്മയം തീർത്തത്.
ലോകം മുഴുവൻ മാറ്റിയോയുടെ ഈ നേട്ടത്തെ അഭിനന്ദിക്കുകയാണ്. വരുംകാലത്ത് ബഹിരാകാശ പര്യവേഷണങ്ങളിൽ മാറ്റിയോ പാസ് എന്ന പേര് വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു













Discussion about this post