ബംഗളൂരു: തിരഞ്ഞെടുപ്പിന് മുൻപ് വാഗ്ദാനങ്ങൾ മാത്രമാണ് കോൺഗ്രസ് നൽകുന്നതെന്നും അവർ അതൊന്നും പാലിക്കാറില്ലെന്നുമുള്ള വിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെയായിരുന്നു ഒവൈസിയുടെ വിമർശനം.
ബാബറി മസ്ജിദ് തകർന്നപ്പോൾ അവിടെ പുതിയ ഒരു പള്ളി നിർമ്മിക്കുമെന്ന് അവർ പ്രമേയം അവതരിപ്പിച്ചു. പക്ഷേ ഒന്നും നടന്നില്ല. തിരഞ്ഞെടുപ്പിന് മുൻപ് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും, തിരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് കാണാമെന്നും ഒവൈസി പറഞ്ഞു. കർണാടകയിൽ മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കാൻ ബിജെപി തന്നെ അയച്ചതാണെന്ന കോൺഗ്രസിന്റെ അവകാശവാദങ്ങൾക്കെതിരെയും ഒവൈസി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
കർണാടകയിൽ ഉടനീളം വെറും രണ്ട് സീറ്റിൽ മാത്രമാണ് തങ്ങൾ മത്സരിക്കുന്നതെന്നും ഒവൈസി ചൂണ്ടിക്കാട്ടി. ബജ്രംഗദളിനെ നിരോധിക്കുമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി കോൺഗ്രസ് ഇന്നലെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് പുറത്തുവിടുമെന്നും കർണാടകയിൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും 80 ശതമാനം തൊഴിലവസരങ്ങൾ തദ്ദേശീയർക്ക് ഉറപ്പാക്കുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. ഈ മാസം 10നാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. 13നാണ് വോട്ടെണ്ണൽ.
Discussion about this post