ന്യൂഡൽഹി: ദ കേരള സ്‌റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിക്കാർക്ക് ആവശ്യമെങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ്.ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ മൂന്ന് ഹർജികളാണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.
വസ്തുതാപരമല്ലാത്ത കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്നാണ് ഹർജിക്കാർക്ക് വേണ്ടി ഹാജകായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ആരോപിച്ചത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ സുപ്രീംകോടതി തങ്ങളുടെ ഹർജി വ്യാഴാഴ്ച കേൾക്കണമെന്നും വൃന്ദ ഗ്രോവർ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ റിലീസ് തടയണമെന്നതാണോ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു.
എന്നാൽ ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല എന്ന് എഴുതിക്കാണിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് വൃന്ദ ഗ്രോവർ പറഞ്ഞു. ചിത്രത്തിനെതിരായ ഹർജി കേരളാ ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടെന്ന കാര്യം ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വ്യക്തമാക്കി. ഇതോടെയാണ് ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീകോടതി നിർദ്ദേശിക്കുന്നത്.
Discussion about this post