കൊല്ലം: ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദിക്കാതെ ഇരുന്നിട്ട് കിട്ടുന്ന പദവികൾ തനിക്ക് വേണ്ടെന്ന് കേരള കോൺഗ്രസ് ബി നേതാവും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ. നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്ക് വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.
തന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം അവിടെ പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. മിണ്ടാതിരുന്നാൽ മന്ത്രിയാകാൻ സാധ്യതയുണ്ട്. എങ്കിലും അങ്ങനെ കിട്ടുന്നത് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലർ ചോദിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സത്യം പറയുമ്പോൾ എന്തിന് ദേഷ്യപ്പെടണമെന്ന് ഗണേഷ് കുമാർ ചോദിച്ചു.
രാഷ്ട്രീയ പ്രവർത്തകർ അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം എന്നും അത് സർക്കാരിനെതിരെ പ്രതികരിക്കലായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടി സംസാരിക്കുക എന്നതാണ് അതിന്റെ അർത്ഥം. അത് കേരള കോൺഗ്രസിന്റെ മുഖമുദ്രയായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post