ന്യൂഡൽഹി: മെയ് മാസത്തെ ചൂടിനിടയിലും കനത്ത മൂടൽ മഞ്ഞിൽ വലഞ്ഞ് ഡൽഹി നിവാസികൾ. ഡൽഹിയിലെ ഏറ്റവും ചൂടേറിയ മാസമായി പറയപ്പെടുന്ന മെയ് മാസത്തിൽ ഇത്തരം കാലാവസ്ഥകൾ സാധാരണമല്ല. പകൽ സമയത്തെ താപനിലയും രാത്രിയിലെ താപനിലയും തമ്മിൽ വലിയ വ്യത്യാസവും രേഖപ്പെടുത്തുന്നുണ്ട്. വായുവിൽ നിലനിൽക്കുന്ന ഉയർന്ന ഈർപ്പത്തിന്റെ അളവ്, പകലിലേയും രാത്രിയിലേയും താപനിലയിലെ വ്യത്യാസം, തീരെ ശക്തമല്ലാത്ത കാറ്റ് തുടങ്ങിയവയെല്ലം മൂടൽമഞ്ഞ് ഉണ്ടാകാൻ അനുകൂലഘടകങ്ങളാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
കാര്യമായ രീതിയിൽ വേനൽ മഴയും പലയിടങ്ങളിലും ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പകൽ സമയത്ത് 31 ഡിഗ്രിയും രാത്രിയിൽ 15.8 ഡിഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്. മെയിൽ 13 വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്. 1982 മെയ് 2നാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. 15.2 ഡിഗ്രി സെൽഷ്യസായിരുന്നു അന്ന് മെയ് മാസത്തിൽ രേഖപ്പെടുത്തിയത്.
നിലവിൽ ഡൽഹിയുടെ പല ഭാഗങ്ങളിലും ഈർപ്പത്തിന്റെ അളവ് 80 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിലാണ്. ഈ മാസം എട്ടാം തിയതി വരെ സമാനമായ കാലാവസ്ഥയാകും ഉണ്ടാവുകയെന്നാണ് വിലയിരുത്തൽ. 35 ഡിഗ്രിയിൽ താഴെ മാത്രമായിരിക്കും താപനില. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലകളിലെല്ലാം സാധാരണയിലും കുറഞ്ഞ താപനിലയായിരിക്കും ഉണ്ടാവുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
Discussion about this post