രജനികാന്ത് നായകനായി ,മലയാളികളുടെ സ്വന്തം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന, ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിൽ എത്തും.
റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം.
വിജയ് നായകനായ ചിത്രം ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹമാണ്. കന്നഡ സൂപ്പർതാരം ശിവ്‌രാജ് കുമാർ, രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തമിഴ്, മലയാളം, കന്നഡ സിനിമകളിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രം വലിയ പ്രതീക്ഷയാണ് തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് നൽകുന്നത്.അതേസമയം ആദ്യമായാണ് മോഹൻലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. നിരവധി പൊതുവേദികളിൽ ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ടെങ്കിലും അഭിനയിക്കുന്നത് ഇപ്പോഴാണ്. ദളപതി എന്ന ചിത്രത്തിൽ മമ്മൂട്ടി രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്.












