കൊച്ചി: പീഡനക്കേസിൽ കോടതിയിൽ നിന്ന് ജാമ്യം കിട്ടിയയാൾ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. എറണാകുളം ഞാറയ്ക്കൽ സ്വദേശി ആനന്ദനെയാണ് ഞാറയ്ക്കൽ പോലീസ് അറസറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുതുവൈപ്പ് ഭാഗത്ത് വച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്. എൽഎൻജി ടെർമിനലിൽ ജോലി ഒഴിവുണ്ടെന്നും, ഉടൻ ചെന്നാൽ വീട്ടമ്മയ്ക്കോ പരിചയത്തിലുള്ള മറ്റാർക്കെങ്കിലുമോ ജോലി വാങ്ങി നൽകാമെന്ന് ഇയാൾ പറഞ്ഞു.
തുടർന്ന് ഇവരെ സ്കൂട്ടറിൽ കയറ്റി പുതുവൈപ്പ് എൽഎൻജിക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി. ഇയാളുടെ രീതികളിൽ സംശയം തോന്നിയ വീട്ടമ്മ പലവട്ടം സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്തിയില്ല. തുടർന്ന് ഇവർ സ്കൂട്ടറിൽ നിന്ന് ചാടി രക്ഷപെടുകയായിരുന്നു. പിന്നാലെ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ ആനന്ദനെതിരെ സമാനമായ രണ്ട് കേസുകളുണ്ട്. 2016ൽ ബസ് കാത്ത് നിന്ന 67കാരിയെ സ്കൂട്ടറിൽ കയറ്റികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഇയാൾ 10 വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ഇയാൾ 2021ൽ 53കാരിയെ സമാനമായ രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ കേസിലും ജാമ്യം നേടിയാണ് ഇയാൾ പുറത്തുള്ളത്.
Discussion about this post