വുഹാൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ കുറിച്ച് ലോകത്തെ അറിയിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ടയാൾ മൂന്ന് വർഷത്തിന് ശേഷം ജയിൽ മോചിതനായി. ചൈനീസ് നഗരമായ വുഹാനിൽ കൊറോണ അതിവേഗം പടരുകയാണെന്ന് റിപ്പോർട്ട് ചെയ്ത ഫാംഗ് ബിൻ ആണ് ജയിൽ മോചിതനായത്. ഫാംഗ് ബിനിന്റെ കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്റെ ജയിൽ മോചനം സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടത്. വുഹാനിലെ സാഹചര്യങ്ങളെ കുറിച്ച് ഫാംഗ് ബിൻ എഴുതുകയും വീഡിയോകൾ പുറത്ത് വിടുകയും ചെയ്തിരുന്നു. പിന്നാലെ ഇയാളെ ഒരു ദിവസം കാണാതാവുകയായിരുന്നു.
രാജ്യത്ത് പ്രശ്‌നങ്ങളും കലാപവും ഉണ്ടാക്കുവാൻ ശ്രമിച്ചെന്ന് കാട്ടിയാണ് ഫാംഗിനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. എന്നാൽ ചൈനീസ് സർക്കാർ ഈ വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പറയുന്നു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് വുഹാനിൽ ഉള്ളതെന്നാണ് അന്ന് വീഡിയോകൾ പങ്കിട്ട് കൊണ്ട് ഫാംഗ് പറഞ്ഞത്.
വുഹാനിലെ ജയിലിലായിരുന്നു ഫാംഗിനെ പാർപ്പിച്ചിരുന്നതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. മൂന്ന് വർഷത്തെ ജയിൽ വാസം അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമാക്കിയെന്നും അവർ ആരോപിച്ചു. ഫാംഗ് പുറത്ത് വിട്ട വീഡിയോകളിലൂടെയാണ് ലോകം കൊറോണ വൈറസിന്റെ ഭീകരതയെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും മനസിലാക്കുന്നത്.
വുഹാൻ നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ആളുകളെ വീടിനുള്ളിൽ പൂട്ടിയിടുന്നതും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നതുമായ വീഡിയോകളാണ് ഫാംഗ് പുറത്ത് വിട്ടിരുന്നത്. അധികാരികൾക്കെതിരായ വിമർശനവും ഫാംഗ് വീഡിയോയിൽ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കാണാതാകുന്നത്.
Discussion about this post