ബംഗളൂരു: അധികാരത്തിലേറിയാൽ ഹിന്ദു സംഘടനയായ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം പുകയുന്നു. ബംഗളൂരുവിൽ വിശ്വ ഹിന്ദു പരിഷതും ബജ്രംഗ്ദളും ഹനുമാൻ ചാലിസ ചൊല്ലി കോൺഗ്രസിനെതിരെ പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ശോഭാ കരന്ദലജെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ കോൺഗ്രസിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് ശോഭാ കരന്ദലജെ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഓരോ ഹിന്ദുവിന്റെയും വീട്ടിലെത്തി തങ്ങൾ ഹനുമാൻ ചാലിസ ചൊല്ലും. കോൺഗ്രസ് ഭരണത്തിൽ കർണാടകയിൽ ഒരു ക്ഷേത്രം പോലും നിർമ്മിച്ചിട്ടില്ല. ക്ഷേത്രം നിർമ്മിക്കുന്നത് രാഷ്ട്രീയ നാടകം ആണെന്നായിരുന്നു കോൺഗ്രസിന്റെ വാദം. 60 വർഷക്കാലം കർണാടക ഭരിച്ച കോൺഗ്രസ് എത്ര ക്ഷേത്രങ്ങളാണ് സംസ്ഥാനത്ത് നിർമ്മിച്ചത്. രാമക്ഷേത്രത്തിനായി നമ്മൾ പോരാടി. എന്നാൽ കോൺഗ്രസിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയായിരുന്നു വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. അതിലെ പ്രധാന പ്രഖ്യാപനം ആയിരുന്നു ബജ്രംഗ്ദളിനെ നിരോധിക്കുമെന്നത്. ഇതിന് പിന്നാലെ തന്നെ കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചിരുന്നു.
Discussion about this post