പെരിയാർ: ശാന്തൻപാറ, ചിന്നക്കനാൽ നിവാസികളെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന കാട്ടാന, അരിതേടി ജനവാസമേഖലയിലെത്തി. മേഘമലയിൽ വിഹരിക്കുന്ന അരിക്കൊമ്പൻ, പ്രദേശത്തെ തോട്ടം തൊഴിലാളിയുടെ വീടിന്റെ കതക് തകർത്ത് അരിച്ചാക്ക് വലിച്ചുകീറി.
വെള്ളവും ഭക്ഷണവും ലയത്തിൽ നിന്ന് അകത്താക്കിയ അരിക്കൊമ്പൻ,തിരികെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെ പോയി. മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാർത്ത തമിഴ്നാട്ടിലെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടിന്റെ ചില ഭാഗങ്ങൾ തകർത്തതിന്റെ വിവരണങ്ങളും ഫോട്ടോയും പത്രത്തിലുണ്ട്. തോട്ടം തൊഴിലാളിയുടെ വീടിന്റെ വാതിൽ തകർത്തതായാണ് വാർത്ത.
മേഘമല ഭാഗത്ത് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ കണ്ടിരുന്നു. ഇതേത്തുടർന്ന് പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ തമിഴ്നാട് വനംവകുപ്പ് നിർദേശിക്കുകയും ചെയ്തിരുന്നു.ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ തമിഴ്നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
റേഡിയോ കോളർ റിപ്പോർട്ട് പ്രകാരം നിലവിൽ അരിക്കൊമ്പൻ കേരളാ ഭാഗത്തേക്ക് തന്നെ വന്നിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ തമിഴ്നാട് മേഖലയിലേക്കു പോയ ശേഷമാണ് തിരികെ വന്നത്. ഇന്നലെ രാത്രിയോടെ തമിഴ്നാട് മേഖലയിൽനിന്ന് കേരളത്തിലേക്ക് കടക്കുകയായിരുന്നു. നാലുദിവസം കൊണ്ട് 40 കിലോമീറ്ററാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്.
Discussion about this post