ന്യൂഡൽഹി: വാക്കാലോ രേഖാമൂലമോ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാൻ അനുവദിക്കുന്ന ഇസ്ലാം മതത്തിലെ തലാഖ് ഇ ഹസന്റെ സാധുത ചോദ്യം ചെയ്ത് മുസ്ലീം സ്ത്രീകൾ നൽകിയ ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. യുപി സ്വദേശികളായ മുസ്ലീം സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. മാദ്ധ്യമപ്രവർത്തക ബേനസീർ ഹീനയുടെ നേതൃത്വത്തിലാണ് മുസ്ലീം പുരുഷൻ ഭാര്യയെ ഇടവേളയിലായി മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്ന ‘ത്വലാഖെ ഹസൻ’ ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജി നൽകിയത്.
സിജെഐ ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തിയത്. ‘ ഇവ വിവാഹമോചന രീതിയുടെ ഭരണഘടനാ സാധുതയെ പൂർണ്ണമായും വെല്ലുവിളിക്കുന്നതായി തോന്നുന്നു. വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
തലാഖ്-ഇ-ഹസൻ’ എന്നത് വിവാഹമോചനത്തിന്റെ ഒരു ഇസ്ലാമിക രീതിയാണ്. അതിലൂടെ ഒരു പുരുഷന് മൂന്ന് മാസ കാലയളവിൽ ‘തലാഖ്’ എന്ന വാക്ക് മാസത്തിലൊരിക്കൽ ഉച്ചരിച്ച് വിവാഹബന്ധം വേർപെടുത്താം. തലാഖ്-ഇ-ഹസന്റെ കീഴിൽ, ഈ കാലയളവിൽ സഹവാസം പുനരാരംഭിച്ചില്ലെങ്കിൽ, മൂന്നാം മാസത്തിൽ ‘തലാഖ്’ എന്ന വാക്ക് മൂന്നാം വട്ടവും പുരുഷൻ പറയുന്നതോടെ വിവാഹമോചനം ഔപചാരികമാക്കും.ഇത്രയും ലളിതമായി ഭാര്യയെ ഭർത്താവിനു ഉപേക്ഷിക്കാൻ സാധിക്കുകയും നിയമ പരിരക്ഷ കിട്ടുകയും ചെയ്യും









Discussion about this post