രജൗരി: ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. പ്രദേശത്ത് ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. കർഹാമ കുൻസർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് കശ്മീർ പോലീസ് പറഞ്ഞു. ഇന്നലെ ബാരാമുള്ളയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
രജൗരിയിലെ കാണ്ടി വനത്തിലും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഇന്നലെ ഇവിടെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ഭീകരരുടെ താവളം കണ്ടെത്തി വെടിവയ്പ്പ് ആരംഭിച്ചതെന്ന് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിക്കുന്നത്. ചെങ്കുത്തായ ഇറക്കങ്ങളും പാറക്കെട്ടുകളും നിറഞ്ഞ് അതീവ ദുർഘട മേഖലയാണിതെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഇന്നലെ രാവിലെയാണ് വനമേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുന്നത്. ഒരു സൈനികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ നാല് പേർ സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡോകളാണ്.
Discussion about this post