ഇംഫാൽ: മണിപ്പൂരിൽ സംഘർഷസാഹചര്യം കുറഞ്ഞതോടെ നിരോധനാജ്ഞയിൽ ഇളവ്. രാവിലെ ഏഴ് മണി മുതൽ മൂന്ന് മണിക്കൂർ നേരത്തേക്കാണ് ഇളവ്. മുഖ്യമന്ത്രി ബിരേൻ സിംഗ് ഉന്നത സർക്കാർ, പോലീസ് ഉദ്യോഗസ്ഥരുമായി ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് ഇന്നലെ ചർച്ച നടത്തി. സർവ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രി സമാധാന ശ്രമങ്ങൾക്ക് പാർട്ടികളുടെ സഹകരണവും അഭ്യർത്ഥിച്ചു. സംഘർഷ സാഹചര്യം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും സൈന്യത്തിന്റെ നേതൃത്വത്തിൽ കാവൽ തുടരുകയാണ്. പതിനായിരത്തോളം സൈനികരെയാണ് നിലവിൽ മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്.
ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമാണ് ഇന്നലെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രശ്‌നങ്ങൾ അവസാനിപ്പിച്ച് സാധാരാണ നിലയിലേക്ക് സംസ്ഥാനത്തെ എത്തിക്കണമെന്ന് ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതേസമയം മേഖലയിലേക്ക് ഇന്ന് കൂടുതൽ സൈന്യത്തെ അയക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ പൂർണമായും ശാന്തമാകുന്നത് വരെ സംസ്ഥാനത്ത് നിന്ന് സൈന്യത്തെ പിൻവലിക്കില്ല.
സംഘർഷ ബാധിത മേഖലകളിൽ നിന്ന് ഇതുവരെ 20,000ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മ്യാൻമർ അതിർത്തിയിൽ ഡ്രോണുകൾ ഉപയോഗിച്ചും സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമാധാനം പുന:സ്ഥാപിക്കാനുള്ള നീക്കങ്ങൾക്കെതിരെ അതിർത്തിയി വഴി നുഴഞ്ഞുകയറി കലാപകാരികൾ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
Discussion about this post