വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്‌സസിൽ ഔട്ട്‌ലെറ്റ് മാളിലുണ്ടായ വെടിവയ്പ്പിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയേറ്റവരിൽ അഞ്ച് വയസ്സ് പ്രായമുള്ള കുട്ടിയും ഉണ്ടെന്നാണ് വിവരം. ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 3.30ഓടെയാണ് സംഭവം. വെടിയേറ്റവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. പ്രകോപനം ഒന്നും ഇല്ലാതെ ഇയാൾ മാളിനുള്ളിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അക്രമിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല. അക്രമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
സ്‌റ്റോറിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അക്രമി എത്തിയതിന് പിന്നാലെ ആളുകൾ ചിതറി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗൺ വയലൻസ് ആർക്കൈവ് പ്രകാരം ഈ വർഷം ഇതുവരെ 195ലധികം കൂട്ട വെടിവയ്പുകൾ നടന്നിട്ടുണ്ടെന്നണ് വിവരം. ആളുകൾക്ക് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായിട്ടുണ്ട്.
Discussion about this post