ഇംഫാൽ: ഗോത്രവിഭാഗങ്ങൾ തമ്മിൽ സംവരണത്തെച്ചൊല്ലി സംഘർഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ സ്ഥിതി ശാന്തമാകുന്നു. സംഘർഷബാധിത മേഖലയായ ചുരാചന്ദ്പൂരിൽ ഇന്നലെയും ഇന്നുമായി കർഫ്യൂവിൽ ഇളവ് നൽകിയിരുന്നു. സംഘർഷമേഖലകളിൽ താമസിക്കുന്നവർക്ക് അവശ്യസാധനങ്ങൾ വാങ്ങുവാൻ വേണ്ടിയാണ് ഇളവ് നൽകിയത്.
ഇന്നലെ വൈകിട്ട് മൂന്ന് മണി മുതൽ അഞ്ച് മണി വരെയും രാവിലെ 7 മുതൽ 10 മണി വരെയുമായിരുന്നു ഇളവ്. പ്രദേശത്ത് കടകൾ തുറക്കുകയും ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങുകയും ചെയ്തു. പുതുതായി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്നതും ആശ്വാസമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
സംഘർഷബാധിത മേഖലകളിൽ നിന്ന് ഇതുവരെ 23,000 പേരെ അസം റൈഫിൾസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നവർക്ക് മെഡിക്കൽ സേവനങ്ങളും ഭക്ഷണവും ഉൾപ്പെടെ സൈന്യം ഏർപ്പെടുത്തി നൽകുന്നുണ്ട്. സംഘർഷം നിയന്ത്രിക്കാനും പ്രദേശത്തെ സുരക്ഷ ഉറപ്പാക്കി സമാധാനം പുനസ്ഥാപിക്കാനുമായി അസം റൈഫിൾസിനെയാണ് വിന്യസിച്ചിരിക്കുന്നത്.
സംഘർഷമേഖലകളിൽ ഇടവിട്ട് സൈന്യം ഫ്‌ളാഗ് മാർച്ച് നടത്തുന്നുണ്ട്. സംഘർഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ വ്യോമ നിരീക്ഷണം ഉൾപ്പെടെ സൈന്യം നടത്തുന്നുണ്ട്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് വ്യോമനിരീക്ഷണം നടത്തുന്നത്.
Discussion about this post