ന്യൂഡൽഹി : 75-ാം റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിന്റെ നാരീശക്തിയെ അണിനിരത്താനൊരുങ്ങി രാജ്യം. റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് നടക്കുന്ന മാർച്ചിൽ വനിതകളെ മാത്രം പങ്കെടുപ്പിക്കാനാണ് നീക്കം. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് വിവരങ്ങൾ പങ്കുവെച്ചത്.
2024 റിപ്പബ്ലിക് ദിന പരേഡിൽ സൈന്യ വിഭാഗത്തിലും ടാബ്ലോ മറ്റ് പ്രകടനങ്ങൾ എന്നിവയിലും സ്ത്രീകൾ മാത്രമേ പങ്കെടുക്കൂ എന്ന് രാജ്യത്തെ മൂന്ന് സേനകൾക്കും വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും അയച്ച മെമ്മോറാണ്ടത്തിൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരമൊരു നിർദ്ദേശം പരിഗണിക്കുന്നതായി സർക്കാരും സൂചിപ്പിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് ആഭ്യന്തര, സാംസ്കാരിക, നഗരവികസന മന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെ നടപ്പാക്കണമെന്ന് ചർച്ച ചെയ്യുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിക്കുന്നു.
ഈ വർഷം, 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ രാജ്യം സൈനിക ശക്തിയും ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകവും നാരീ ശക്തിയും പ്രദർശിപ്പിച്ചിരുന്നു. പരേഡിൽ 144 വ്യോമസേനാ യോദ്ധാക്കൾ അടങ്ങുന്ന ഇന്ത്യൻ എയർഫോഴ്‌സിനെ നയിച്ചത് ഒരു വനിതാ ഓഫീസറായിരുന്നു. നാരീ ശക്തി പ്രമേയമാക്കി കേരളം, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ത്രിപുര എന്നീ സംസ്ഥാനങ്ങൾ തങ്ങളുടെ ടാബ്ലോകൾ പ്രദർശിപ്പിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വനിതാ ഓഫീസർമാരെ റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ട്. 2015-ൽ, ചരിത്രത്തിൽ ആദ്യമായി പരേഡിൽ മൂന്ന് സേനാവിഭാഗങ്ങളിൽ നിന്നും വനിതാ സംഘാംഗങ്ങൾ അണിനിരന്നു. 2019-ൽ, കരസേനയുടെ ഡെയർഡെവിൾസ് ടീമിന്റെ ഭാഗമായി ബൈക്ക് സ്റ്റണ്ട് അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായി ക്യാപ്റ്റൻ ശിഖ സുരഭി. അടുത്ത വർഷം, ക്യാപ്റ്റൻ ടാനിയ ഷെർഗിൽ പുരുഷന്മാരും അടങ്ങിയ സംഘത്തെ നയിച്ചു. 2021-ൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ് ആയി.
Discussion about this post