ന്യൂഡൽഹി : പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുമായി യോഗത്തിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ”നല്ല അതിഥിക്ക് ഞാൻ നല്ല ആതിഥേയനാണ്” എന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ തീവ്രവാദം നടത്തുകയും, അത് ചെയ്യാനുള്ള അവകാശം സ്ഥാപിച്ചെടുക്കുകയുമാണ് ചെയ്യുന്നത് എന്നും എസ് ജയ്ശങ്കർ വ്യക്തമാക്കി.
”അയൽ രാജ്യക്കാർ എന്റെ രാജ്യത്തെ ആക്രമിച്ചാൽ വീണ്ടും കാര്യങ്ങൾ നല്ല രീതിയിൽ പോകാൻ സാധ്യതയില്ല. പാകിസ്താനുമായി ശത്രുത നിലനിർത്താനും താത്പര്യമില്ല. ഭീകരതയെ പിന്തുണയ്ക്കുന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങളാണ് പാകിസ്താൻ ലംഘിക്കുന്നത്” ജയ്ശങ്കർ കൂട്ടിച്ചേർത്തു.
ഗോവയിൽ സംഘടിപ്പിച്ച ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷനിൽ പങ്കെടുക്കാൻ വേണ്ടിയാണ് പാക് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ എത്തിയത്. ഭീകരരുടെ പ്രധാനതാവളമാണ് പാകിസ്താനെന്നും എപ്പോഴും തീവ്രവാദത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് രാജ്യം ചെയ്യുന്നതെന്നും ജയ്ശങ്കർ യോഗത്തിൽ തുറന്നടിച്ചിരുന്നു. തീവ്രവാദത്തിന്റെ ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ല. പാകിസ്താന്റെ വിശ്വാസ്യത അവരുടെ വിദേശനാണ്യശേഖരം പോലെ ഇടിയുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് ബിലാവൽ ഭൂട്ടോയുമായി ചർച്ച നടത്താനും ജയ്ശങ്കർ തയ്യാറായില്ല.
Discussion about this post