മലപ്പുറം : മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബോട്ട് അപകടത്തിൽ പെട്ട സംഭവത്തിൽ മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി സ്വദേശി അസ്ന(18), സഫ്ല (7), ഓലപ്പീടിക സ്വദേശി സിദ്ദിഖ്(35), മകൾ ഫാത്തിമ(12), പരപ്പനങ്ങാടി ആലിൽ ബീച്ചിൽ ജൽസിയ ജാബിർ, എന്നിവരാണ് മരിച്ചത്. അപകടത്തിൽ 21 പേർ മരിച്ചതായാണ് വിവരം. ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിക്കുന്നത്. ഇതുവരെ 20 ഓളം പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. ബോട്ട് ചെളിയിൽ പുതഞ്ഞ നിലയിലാണ്.
അതേസമയം അപകടം നടന്ന് 25 മിനിറ്റിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത് എന്ന് ബോട്ടിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു. കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞത്. യാത്ര ആരംഭിച്ച് 15 മിനിറ്റ് ആയപ്പോഴേക്കും ബോട്ട് തലകീഴായി മറിയുകയായിരുന്നു. അതിലുണ്ടായിരുന്ന പലരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. മരണസംഖ്യ ഉയരാനുള്ള കാരണവും അതുതന്നെയാണെന്ന് രക്ഷപ്പെട്ടയാളുകൾ പറയുന്നുണ്ട്.
ആറ് മണിക്ക് ഇവിടുത്തെ ബോട്ട് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. എന്നാൽ അതിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്. വൈകീട്ട് ആറേമുക്കാലോടെയാണ് അവസാനത്തെ ബോട്ട് സർവീസ് ആരംഭിച്ചത്. യാത്രക്കാർ എല്ലാവരുമെത്തിയെങ്കിലും ബോട്ട് സർവീസ് ആരംഭിക്കാൻ വൈകുകയായിരുന്നു. തുടർന്ന് യാത്ര ആരംഭിച്ച് 15 മിനിറ്റ് ആയപ്പോഴേക്കും ബോട്ട് മുങ്ങി. ഈ വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനം ആരംഭിക്കാൻ 25 മിനിറ്റ് നേരമെടുത്തു. രാത്രിയായത് കൊണ്ടാണ് ബോട്ട് മുങ്ങിയ വിവരം അറിയാൻ വൈകിയത് എന്നും ആളുകൾ പറയുന്നു.
Discussion about this post